മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല;താരം വെന്റിലേറ്ററില്‍
കോഴിക്കോട്:ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ വെന്റിലേറ്റർ നീക്കം ചെയ്യാറായിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടയാണ് മാമുക്കോയയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യനില അൽപം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐസിയു ആംബുലൻസിൽ കോഴിക്കോടേയ്ക്ക് കൊണ്ടുവന്നത്.
പൂങ്ങോട് ഒരു ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മാമുക്കോയ. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ സമീപ പ്രദേശമായ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ട്രോമ കെയർ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം വന്നപ്പോൾ തന്നെ നിർണ്ണായകമായ പ്രാഥമിക ചികിത്സ നൽകാൻ കഴിഞ്ഞെന്ന് ഫുട്ബോൾ ടൂർണമെന്റ് സംഘടക സമിതി പ്രതികരിച്ചിരുന്നു. 10 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് അതിവേഗം അദ്ദേഹത്തെ എത്തിക്കാൻ സാധിച്ചെന്നും സംഘാടക സമിതി വ്യക്തമാക്കിയിരുന്നു.