മലപ്പുറം: മമ്പാട് എംഇഎസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ക്യാമ്പസില്‍ നില്‍ക്കരുതെന്നാവശ്യപ്പെട്ട് പൗരസമിതി സ്ഥാപിച്ച ഫ്‌ളെക്‌സ് കീറിയെറിഞ്ഞ് വിദ്യാര്‍ത്ഥികള്‍. ബോര്‍ഡ് കീറിയെറിഞ്ഞതിന് ശേഷമുള്ള ഫോട്ടോയും വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ‘മമ്പാട്ടെ പൗര സമിതിക്കാരുടെ ശ്രദ്ധക്ക്, സാധനം കീറി റോഡിലിട്ടിട്ടുണ്ട്, ഫ്രെയിം വേണേല്‍ കൊണ്ട് പോയി വിറക് ആക്കിക്കോളൂ,’ എന്ന തലക്കെട്ടോടെയാണ് വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പങ്കുവെച്ചത്.
ഫ്‌ളെക്സ് ബോര്‍ഡുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ തന്നെ ബോര്‍ഡ് കീറിയെറിഞ്ഞത്. വൈകീട്ട് അഞ്ച് മണിക്ക് ശേഷം കോളേജിന്റെ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ തങ്ങുന്നത് കണ്ടാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്നും രക്ഷിതാക്കളെ വിളിച്ചേല്‍പ്പിക്കുമെന്നും പറഞ്ഞുള്ള ബോര്‍ഡാണ് കോളേജിന് മുന്നില്‍ ഉയര്‍ന്നത്.
ഇത് സദാചാര ഗുണ്ടായിസമല്ലെന്നും കുടുംബമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണിതെന്നും ഫ്‌ളെക്‌സില്‍ പറയുന്നുണ്ട്. കോളേജില്‍ നടക്കുന്ന പരിപാടികള്‍ കഴിഞ്ഞ് വൈകിയും വിദ്യാര്‍ത്ഥികള്‍ പ്രദേശത്ത് തുടരുന്നതും തമ്മില്‍ ഇടപഴകുന്നതും തങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്നു എന്നാണ് ബോര്‍ഡില്‍ ആരോപിക്കുന്നത്.
കോളേജിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലുണ്ടാക്കുന്നതും ഇവര്‍ ലഹരി ഉപയോഗം നടത്തുന്നതും തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ബോര്‍ഡില്‍ പറഞ്ഞിരുന്നു. സമാന ഫ്‌ളെക്സ് ബോര്‍ഡുകള്‍ കോഴിക്കോട് ഫാറൂഖ് കോളേജ് പരിസരത്തും കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ഫറൂഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി എന്ന പേരിലാണ് ഫ്‌ളെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കോളേജിന്റെ പ്രധാന ഗേറ്റിന് സമീപത്തായി മൂന്നോളം ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.