NationalNews

മാർച്ച് 15ന് മുൻപ് സൈന്യത്തെ പിൻവലിക്കണം: ഇന്ത്യയ്ക്ക് സമയപരിധി നിശ്ചയിച്ച് മാലദ്വീപ്

ന്യൂഡൽഹി: മാലദ്വീപിൽനിന്ന് മാർച്ച് 15ന് മുൻപ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് മുഹമ്മ് മുയിസു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശം വിവാദമായിരിക്കെയാണ് സൈന്യത്തെ പിൻവലിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടത്.

മുയിസു അധികാരത്തിലെത്തിയതു മുതൽ മാലദ്വീപിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സമയപരിധി നിർദേശിച്ചിരുന്നില്ല. കടൽ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്. 

ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ അപകീർത്തികരമായ പരാമർശങ്ങളോടെ പ്രതികരിച്ചത് വിവാദമായിരുന്നു.

തുടർന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.  ചൈനയുമായി കൂടുതൽ അടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് മാലദ്വീപ് മന്ത്രിമാർ നരേന്ദ്രമോദിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയത്.

ഇതിനിടെ, ചൈന സന്ദർശിച്ച മുയിസു 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചിരുന്നു. കരാറുകളിൽ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ധാരണയിലെത്തിയതായും  ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ടു ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുടെ സാന്നിധ്യത്തിലാണ് സർക്കാർ പ്രതിനിധികൾ നിർണായക കരാറുകളില്‍ ഒപ്പുവച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

നയതന്ത്ര പ്രശ്നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സഞ്ചാരികളെ അയയ്ക്കണമെന്ന് മുയിസു ചൈനയോട് അഭ്യർഥിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker