കൊച്ചി: ലോകത്താകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന കൊവിഡ് 19 എന്ന മഹാമാരിക്കുള്ള ചികിത്സയെക്കുറിച്ചു മലയാളി ഡോക്ടര്‍ എഴുതിയ പുസ്തകം ലോക വ്യാപകമായി സ്വീകാര്യത നേടുന്നു. കൊറോണ ചികിത്സയ്ക്കുള്ള റഫറന്‍സ് രേഖയെന്നോണം ഒരു മാസം കൊണ്ടു പുസ്തകം 12 വിദേശ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി.
<p>കൊറോണ വൈറസ് ലോകമെങ്ങും വ്യാപിച്ച മാര്‍ച്ച് ആദ്യവാരമാണ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അസോഷ്യേറ്റ് പ്രഫസറും ഇന്റര്‍വെന്‍ഷനല്‍ പള്‍മണോളജിസ്റ്റുമായ ഡോ. ടിങ്കു ജോസഫ് പുസ്തകം രചിച്ചത്.</p>
<p>ചൈനീസ് മെഡിക്കല്‍ കൗണ്‍സിലും ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ മാത്രമായിരുന്നു അപ്പോള്‍ ചികിത്സയ്ക്ക് ആശ്രയം. പല രാജ്യങ്ങളിലും അപ്പോള്‍ കൊവിഡ് ചികിത്സയെക്കുറിച്ചു മാര്‍ഗരേഖ പോലും പുറത്തിറക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ സമാഹരിച്ചു പുസ്തക രൂപത്തിലാക്കാന്‍ ശ്രമിച്ചതെന്നു പറഞ്ഞു. ചികിത്സാ രീതികള്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള മുന്‍കരുതലുകള്‍ തുടങ്ങിയ വയാണു പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.</p>
<p>ഇന്ത്യക്കു പുറമേ അമേരിക്ക, ചൈന, ഇറ്റലി, യുകെ, യുഎഇ, കൊളംബിയ, ഈജിപ്റ്റ്, സിംഗപ്പൂര്‍, മലേഷ്യ, അയര്‍ലന്‍ഡ്, സുഡാന്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 24 റെസ്പ്പിറേറ്ററി ഫിസിഷ്യന്‍മാരുടെ വിദഗ്ധോപദേശം സമാഹരിച്ചാണു പുസ്തകം തയാറാക്കിയത്.</p>
<p>മാര്‍ച്ച് 14 നു പുസ്തകത്തിന്റെ പതിപ്പു ലോകവ്യാപകമായി ലഭ്യമാക്കി. ലോക് ഡൗണ്‍ മൂലം പുസ്തകത്തിന്റെ അച്ചടിച്ച പതിപ്പ് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. പകര്‍പ്പവകാശ നിയമപ്രകാരമുള്ള ഫീസ് വേണ്ടെന്നു വച്ചാണു പുസ്തകം മറ്റു ഭാഷകളിലേക്കു പരിഭാഷ പ്പെടുത്താന്‍ അനുമതി നല്‍കിയത്. കോവിഡ് രോഗത്തിന്റെ പുതിയ വിവരങ്ങളും ചികിത്സാ രീതികളും ഉള്‍പ്പെടുത്തി പുസ്തകത്തിന്റെ അടുത്ത പതിപ്പ് ഇറക്കാനുള്ള ശ്രമത്തിലാണു ഡോ. ടിങ്കു.</p>