KeralaNews

കതിര്‍മണ്ഡപത്തില്‍ പോലീസുമായി മുന്‍കാമുകിയെത്തി, എസ്‌കേപ്പായി മലയാളി വരന്‍,വിവാഹത്തില്‍ നിന്ന് പിന്‍മാറി വധു

മംഗളൂരു: പീഡിപ്പിച്ച് മുങ്ങിയ കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങുന്നത് അറിഞ്ഞ യുവതി പൊലീസിനൊപ്പം വിവാഹവേദിയില്‍ എത്തിയതോടെ നാടകീയരംഗങ്ങള്‍. യുവതി പൊലീസിനൊപ്പം എത്തിയതോടെ കോഴിക്കോട് സ്വദേശിയായ യുവാവ് വേദിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേക്കാര്‍ ബീരിയയിലാണ് സംഭവം. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട മലയാളി യുവാവും മംഗളൂരു സ്വദേശിനിയായ യുവതിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ബന്ധുക്കളുടെ അനുവാദത്തോടെ വിവാഹം നിശ്ചയിച്ചു.

ഇതിനിടെയാണ് വിവാഹം മുടക്കാനായി മുന്‍ കാമുകിയായ മൈസൂരു സ്വദേശിനി പൊലീസിനൊപ്പം എത്തുന്നുവെന്ന വിവരം യുവാവിന് ലഭിച്ചത്. മുന്‍ കാമുകി നല്‍കിയ പീഡനപരാതിയില്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്നും യുവാവ് മനസിലാക്കി.

ഇതോടെ മുഹൂര്‍ത്തത്തിന് മുന്‍പ് കതിര്‍മണ്ഡപത്തിലെത്തി വധുവിന് താലി കെട്ടി വിവാഹം ചെയ്തു. അല്‍പസമയത്തിനുള്ളില്‍ മുന്‍ കാമുകി പൊലീസിനൊപ്പം സ്ഥലത്തെത്തി. ഇതോടെ യുവാവ് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പൊലീസ് വിവരങ്ങള്‍ അറിയിച്ചതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് വധും കുടുംബവും അറിയിച്ചു. 

തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ലക്ഷക്കണക്കിന് രൂപ യുവാവ് കൈവശപ്പെടുത്തിയെന്നും മൈസൂരു സ്വദേശിനി പറഞ്ഞു. കോഴിക്കോട് പന്തീരങ്കാവിലെ ഫ്‌ളാറ്റില്‍ വച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

മാട്രിമോണിയല്‍ സൈറ്റ് വഴി തന്നെയാണ് ബംഗളൂരുവില്‍ എഞ്ചിനീയറായ മൈസൂരു സ്വദേശിനിയെയും യുവാവ് പരിചയപ്പെട്ടത്. പ്രണയം നടിച്ച് നിരവധി തവണ പന്തീരങ്കാവിലെ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചു. 19 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തു.

പണം തിരികെ ചോദിച്ചപ്പോള്‍ നഗ്‌ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും മൈസൂരു സ്വദേശിനിയുടെ പരാതിയില്‍ പറയുന്നു. ലഹരിക്ക് അടിമയായ യുവാവ് ശാരീരകമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഗര്‍ഭം നിര്‍ബന്ധിപ്പിച്ച് അലസിപ്പിച്ചുവെന്നും പരാതിയിലുണ്ട്.

യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പന്തീരങ്കാവ് പൊലീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തളളിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker