KeralaNews

മലപ്പുറത്ത് നിരോധനാജ്ഞ,താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് വിലക്ക്

മലപ്പുറം: കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സി.ആര്‍.പി.സി) സെക്ഷന്‍ 144 പ്രകാരം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 23 മുതല്‍ മാര്‍ച്ച് 31 അര്‍ധ രാത്രി വരെ പ്രാബല്യമുള്ള ഉത്തരവിന്റെ ഭാഗമായി താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് കര്‍ശന നിരോധമനമുള്ളതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

1. ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടില്ല.
2. സ്‌കൂളുകള്‍, കോളെജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു
3. ആശുപത്രികളില്‍ സന്ദര്‍ശകര്‍, കൂട്ടിരിപ്പുകാര്‍ ഒന്നിലധികം പേര്‍ എത്തുന്നത് എന്നിവ നിരോധിച്ചിരിക്കുന്നു.
4. ടൂര്‍ണ്ണമെന്റുകള്‍, മത്സരങ്ങള്‍, വ്യായാമ കേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ മുതലായവ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു.
5. എല്ലാത്തരം പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍/ കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.
6. ഹാര്‍ബറുകളിലെ മത്സ്യലേല നടപടികള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. പകരമായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന നിരക്കില്‍ മത്സ്യ വില്‍പ്പന നടത്തേണ്ടതാണ്. മത്സ്യ വില്‍പനയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും അഞ്ച് പേരില്‍ കൂടുതല്‍ ഒരേ സമയം ഒരു കേന്ദ്രത്തില്‍ കൂട്ടം കൂടുവാന്‍ പാടുള്ളതല്ല.
7. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.
8. വിവാഹങ്ങളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാന്‍ പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജാഫീസിലും പോലിസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്തുവാന്‍ ശ്രമിക്കേണ്ടതാണ്.
9.’ബ്രെയ്ക് ദ ചെയിന്‍’ ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങലിലും ഹോട്ടലുകളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിട്ടൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.
10. വന്‍കിട ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മറ്റ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്ള കേന്ദ്രീകൃത ഏയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തി വെയ്ക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഫോണില്‍ക്കൂടി ഓര്‍ഡറുകള്‍ സ്വീകരിച്ച് അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

മേല്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കപ്പെടേണ്ടത് സ്ഥാപനമേധാവികളുടെയും പൗരന്‍മാരുടെയും ഉത്തരവാദിത്തമാണ്. ഈ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ കൊറോണ വൈറസിന്റെ സമൂഹ വ്യാപനത്തിന് കാരണമാകും. ആയതിനാല്‍ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി -269,188, 270, കേരള പൊലീസ് ആക്ട് 120(o) പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലിസ് മേധാവി സ്വീകരിക്കേണ്ടതാണ്.

പൊതുജനാരോഗ്യത്തെയും ദുരന്ത നിവാരണത്തെയും കണക്കിലെടുത്ത് മേല്‍ നിബന്ധനകളില്‍ യാതൊരുവിധത്തിലുമുള്ള ഇളവുകളും അനുവദനീയമല്ല. ഇക്കാര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനായി താലൂക്ക് തഹസില്‍ദാര്‍മാരായ എക്സിക്യൂട്ടിവ് മജിസ്ട്രേട്ടുമാര്‍ ശ്രദ്ധിക്കേണ്ടതാണ്. എക്സിക്യൂട്ടിവ് മജിസ്ട്രേട്ടുമാരുടെ പ്രവര്‍ത്തങ്ങളുടെ ഏകോപനം അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടും, എസ്.എച്ച് ഒ മാരുടെ പ്രവര്‍ത്തങ്ങളുടെ ഏകോപനം ജില്ലാ പോലിസ് മേധാവിയും നിര്‍വ്വഹിക്കേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button