തിരുവന്തപുരം: യൂട്യൂബ് വഴി മോശം ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് കാട്ടി പോലീസിൽ പരാതി നൽകി മാല പാർവതി. ഹണി റോസിന് പിന്നാലെ സൈബർ ആക്രമണത്തിലും അധിക്ഷേപ കമന്റുകളിലും നടപടിയുമായി കൂടുതൽ നടിമാർ രംഗത്ത് വരുന്നതിന്റെ സൂചനയാണ് മാല പാർവതിയുടെ പരാതി. രണ്ടാഴ്‌ച മുമ്പാണ് നടി തിരുവന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയതെന്നാണ് റിപ്പോർട്ടുകൾ.
മാല പാർവതി അഭിനയിച്ച സിനിമാ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌ത് മോശമായ രീതിയില്‍ ചില യുട്യൂബര്‍മാര്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുട്യൂബ് ചാനലുകളുടെ വിവരങ്ങളും നടി പോലീസിന് കൈമാറിയിട്ടുണ്ടെന്നാണ് സൂചന.
കൂടാതെ ‘ഫിലിമി ന്യൂസ് ആന്‍ഡ് ഗോസിപ്പ്’ എന്ന യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയ്ക്ക് താഴെ ഫേക്ക് അക്കൗണ്ടില്‍ നിന്ന് വന്ന കമന്റിനെതിരെയു പരാതി നല്‍കിയതായി മാല പാര്‍വതിയെ ഉദ്ധരിച്ച് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട ആളുകളില്‍ ഒരാളാണ് താനെന്നും നടി പറഞ്ഞു.
ഹണി റോസിന്റെ പോരാട്ടം ആവേശമുണ്ടാക്കിയെന്നാണ് മാല പാർവതി പ്രതികരിച്ചത്. തന്റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളുമാണ് ഗുരുതരമായ സൈബര്‍ ആക്രമണത്തിലേക്ക് നയിച്ചത്.ഇനിയും സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നുമാണ് താരം നിലപാട് വ്യക്തമാക്കിയത്.
സാമകാലിക വിഷയങ്ങളില്‍ കൃത്യമായ രാഷ്ട്രീയം പറഞ്ഞത് തനിക്കെതിരായ സൈബർ ആക്രമണം കൂടാൻ കാരണമായെന്നാണ് മാല പാർവതി ചൂണ്ടിക്കാണിക്കുന്നത്. സമൂഹത്തില്‍ ഇഷ്‌ടമല്ലെന്ന് തോന്നുന്ന കാര്യങ്ങളില്‍ പ്രതികരിക്കാറുണ്ട്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിന് ആക്രമണം നേരിടേണ്ടി വന്നെന്നും നടി ആരോപിച്ചു.
അതേസമയം, കഴിഞ്ഞ ദിവസമാണ് നടി ഹണി റോസ് വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെതിരെ പോലീസിൽ പരാതി നൽകിയത്. തുടർച്ചയായി അധിക്ഷേപ പരാമർശങ്ങൾ നടത്തുകയും ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുകയും ചെയ്തെന്നാണ് ആരോപണം. പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിരുന്നു.
കേസിൽ ഇന്ന് രാവിലെയോടെ പോലീസ് ബോബിയെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിട്ടുണ്ട്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ ആയിരിക്കും എത്തിക്കുക.