KeralaNews

‘പ്രതിപക്ഷ നേതാവാകാൻ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത് ചെന്നിത്തലയെ, ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ

തിരുവനന്തപുരം : പ്രതിപക്ഷനേതാവാകാൻ ഭൂരിപക്ഷം പാർട്ടി എംഎൽഎമാരുടെയും പിന്തുണ രമേശ് ചെന്നിത്തലക്കായിരുന്നുവെന്ന് ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ. ഭൂരിപക്ഷം മറികടന്ന് ഒരു സൂചനയും നൽകാതെയാണ് ഹൈക്കമാൻഡ് വി. ഡി സതീശൻറെ പേര് പ്രഖ്യാപിച്ചതെന്നും ആത്മകഥയിൽ പറയുന്നു. പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ചെന്നിത്തലയെ വെട്ടിയതിനെ കുറിച്ചുള്ള നിർണ്ണായക പരാമർശം.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡ് പ്രതിനിധികൾ നേരിട്ടെത്തി അറിഞ്ഞശേഷമായിരുന്നു ചെന്നിത്തലയെ വെട്ടി വിഡി സതീശനെ പ്രതിപക്ഷനേതാവാക്കിയത്. ഭൂരിപക്ഷ പിന്തുണ അനുസരിച്ചുള്ള തീരുമാനമെന്നായിരുന്നു വിശദീകരണമെങ്കിൽ അതല്ല സംഭവിച്ചതെന്നാണ് കാലം സാക്ഷിയെന്ന് ആത്മകഥയിൽ ഉമ്മൻചാണ്ടി പറയുന്നത്. 

ഹൈക്കമാൻ‍ഡ് ആരെയെങ്കിലും പേര് നിർദ്ദേശിക്കുന്നില്ലെങ്കിൽ രമേശ് തുടരട്ടെ എന്നായിരുന്നു തൻറെ നിലപാടെന്ന് ഉമ്മൻചാണ്ടി പറയുന്നു. എഐസിസി നിലപാടറിയാൽ കെസി വേണുഗോപാലിൻറെ തിരുവനന്തപുരത്തെ വീട്ടിൽ താൻ നേരിട്ട് പോയി. എന്തെങ്കിലും നിർദ്ദേശമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇതുവരെ ഇല്ലെന്ന് മറുപടി. എന്തെങ്കിലുമുണ്ടെങ്കിൽ ചോദിച്ചുപറയാമെന്നു പറഞ്ഞെങ്കിലും പിന്നെ കെസി പ്രതികരിച്ചില്ല. ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജ്ജുന ഖർഗെ വന്നു. ഒരു നിർദ്ദശവുമില്ലെന്നും ആർക്കും ആരുടേയും പേര് പറയാമെന്നും ഖർഗെ വ്യക്തമാക്കി.

എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് ആരുടെ കാര്യത്തിലെങ്കിലും താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോഴും ഖർഗെ ഇല്ലെന്ന് മറുപടി നൽകി. 21 എംഎൽഎമാരിൽ ഭൂരിപക്ഷം ചെന്നിത്തലയെ പിന്തുണച്ചു. പക്ഷേ ഹൈക്കമാൻഡിൻറെ മനോഗതം വേറെയായിരുന്നുവെന്ന് വ്യക്തമാക്കി വിഡി സതീശനെ പ്രതിപക്ഷനേതാവാക്കി. 

കേന്ദ്ര നേതൃത്വത്തിന്റെ താല്പര്യം നേരത്തെ സൂചിപ്പിച്ചെങ്കിൽ ഒരു വിവാദവുമില്ലാതെ ഈ അധ്യായം അവസാനിക്കുമായിരുന്നുവെന്നും മികച്ച പാർലമെൻറേറിയനാണ് സതീശനെന്നും ഉമ്മൻചാണ്ടി പുകഴ്ത്തുന്നുമുണ്ട്. മാറാൻ പറഞ്ഞിരുന്നെങ്കിൽ സ്വയം ഒഴിയുമായിരുന്നുവെന്നും എന്തിനാണ് ഹിതപരിശോധനാ നാടകമെന്നും അന്നേ ചെന്നിത്തല അടുപ്പക്കാരോട് പറഞ്ഞിരുന്നു. സിഡബ്ള്യുസിയിൽ സ്ഥിരാംഗത്വം നൽകാത്തതിലടക്കം ചെന്നിത്തലയുടെ അതൃപ്തി തുടരുന്നതിനിടെയാണ് പ്രതിപക്ഷനേതൃപദവി വെട്ടിയകാര്യം ഉമ്മൻചാണ്ടി ആത്മകഥയിൽ തുറന്നുപറയുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker