KeralaNews

മേജർ രവിയും സി രഘുനാഥും ബിജെപിയിൽ ചേർന്നു;ചിത്രം പങ്കുവെച്ച് സുരേന്ദ്രൻ

ന്യൂഡൽഹി: ചലച്ചിത്ര സംവിധായകനും നടനും റിട്ടയേർഡ് മേജറുമായ മേജർ രവിയും കോൺഗ്രസ് നേതാവ് സി രഘുനാഥും ബിജെപിയിൽ ചേർന്നു. ഇരുവരും ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ തന്നെ ബിജെപി അനുകൂലിയായിരുന്നു മേജർ രവിയെങ്കിലും കേരള ബിജെപി നേതൃത്വത്തിനെതിരെ ഇദ്ദേഹം പലതവണ രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിലെ കോൺഗ്രസ് നേതാവായ രഘുനാഥ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.

പാർട്ടിയിൽ പുതുതായി ചേർന്ന നേതാക്കൾ ജെപി നഡ്ഡയെ കണ്ട വിവരം ചിത്രങ്ങൾ സഹിതം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്നും സുരേന്ദ്രൻ പറഞ്ഞു. മേജർ രവിയ്ക്കും രഘുനാഥിനും ജെപി നഡ്ഡ ആശംസകൾ നേർന്നതായും സുരേന്ദ്രൻ പറഞ്ഞു.

നരേന്ദ്ര മോദിയ്ക്കും ബിജെപി കേന്ദ്ര നേതൃത്വത്തിനും പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് മേജർ രവി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലുൾപ്പെടെ ഇദ്ദേഹം പാർട്ടിയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നു. എന്നാൽ പിന്നീട് ബിജെപി കേരള നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവും ഇദ്ദേഹം നടത്തിയിരുന്നു. കേരള ബിജെപിയിലെ ഭൂരിഭാഗം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തരവാണെന്നും സ്വന്തം നേട്ടത്തിന് വേണ്ടിയാണ് പലരും പ്രവർത്തിക്കുന്നതെന്നുമായിരുന്നു മേജർ രവിയുടെ വിമർശനം.

2021ൽ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ പരിപാടിയിൽ ഇദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. അന്ന് മേജർ രവി കോൺഗ്രസിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹം ഇതിനോട് പ്രതികരിച്ചിരുന്നില്ല. കേരള ബിജെപി നേതൃത്വത്തിനെതിരായ വിമർശനങ്ങൾ തുടരുന്നതിനിടെയാണ് ബിജെപി പ്രവേശം.

കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർഥിയുമായിരുന്നു സി രഘുനാഥ്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ അടുത്ത അനുയായിയെന്ന് അറിയപ്പെടുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. രണ്ടാഴ്ച മുമ്പ് കോൺഗ്രസിൽനിന്ന് രാജിവയ്‌ക്കുന്നതായി രഘുനാഥ് വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker