വൃത്തികെട്ട ചോദ്യം’; എത്തിക്‌സ് കമ്മിറ്റി ഹിയറിങ്ങിനിടെ മഹുവയും പ്രതിപക്ഷവും ഇറങ്ങിപ്പോയി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യംചോദിക്കാന്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍ ലോക്സഭാ എത്തിക്‌സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരായ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര ഹിയറങ്ങിനിടെ ഇറങ്ങിപ്പോയി. ഹിയറിങ്ങ് രീതിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ എംപിമാരും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
വ്യക്തിപരമായതും ധാര്‍മികതയ്ക്ക് നിരയ്ക്കാത്തതുമായ ചോദ്യങ്ങളുണ്ടായെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ഹിയറിങ് നടക്കുന്നതിനിടെ ഒരു എംപി മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും അവര്‍ ആരോപിച്ചു.
‘എത്തിക്സ് കമ്മിറ്റി ചെയര്‍മാന്റെ ചോദ്യങ്ങളുടെ ഓരോ വരിയും ആരുടേയോ നിര്‍ദേശം പ്രകാരം പ്രവര്‍ത്തിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത് വളരെ മോശമാണ്. നിങ്ങള്‍ എങ്ങോട്ടാണ് യാത്ര ചെയ്തത്?, എവിടെ വെച്ചാണ് നിങ്ങള്‍ കണ്ടുമുട്ടുന്നത്?, നിങ്ങളുടെ ഫോണ്‍രേഖകള്‍ ഞങ്ങള്‍ക്ക് കൈമാറുമോ? എന്നൊക്കെയാണ് മഹുവയോട് ചോദിക്കുന്നത്’ കോണ്‍ഗ്രസ് എംപി ഉത്തംകുമാര്‍ റെഡ്ഡി പറഞ്ഞു.
വൃത്തികെട്ട ചോദ്യങ്ങളാണ് അവര്‍ തന്നോട് ചോദിക്കുന്നതെന്ന് മഹുവയും വ്യക്തമാക്കി. വ്യക്തിബന്ധത്തിലെ പ്രശ്‌നങ്ങളാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മെഹുവ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കി. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ക്രോസ് വിസ്താരത്തിനിടെയാണ് ഇറങ്ങിപ്പോക്കുണ്ടായത്.
പരാതിക്കാരനായ മുന്‍സുഹൃത്ത് അഡ്വ. ജയ് അനന്ത് ദെഹദ്രായ് കമ്മിറ്റിക്ക് മൊഴിനല്‍കിയെങ്കിലും രേഖാമൂലമുള്ള തെളിവുകളൊന്നും നല്‍കിയിട്ടില്ല. ആരോപണമുന്നയിച്ച വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയും തെളിവൊന്നുമില്ലാതെ സത്യവാങ്മൂലമാണ് നല്‍കിയത്. ഇരുവരെയും ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്നും ഈ ആവശ്യത്തിന്മേലുള്ള തീരുമാനം രേഖാമൂലം നല്‍കണമെന്നും മഹുവ കമ്മിറ്റിക്ക് മുമ്പാകെ നല്‍കിയ കത്തിലാവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്ററി സമിതികള്‍ക്ക് ക്രിമിനല്‍ സ്വഭാവമുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അധികാരമില്ലെന്നും ഏതെങ്കിലും സര്‍ക്കാര്‍വകുപ്പുകളില്‍നിന്ന് സമിതി റിപ്പോര്‍ട്ട് വാങ്ങിയാല്‍ അതിന്റെ പകര്‍പ്പ് തനിക്കു നല്‍കണമെന്നും മഹുവ ആവശ്യപ്പെട്ടു.
പാര്‍ലമെന്റിലെ വിദ്വേഷപ്രസംഗവിഷയത്തില്‍ ബി.ജെ.പി. എം.പി. രമേഷ് ബിധുരിയോട് വ്യത്യസ്തസമീപനമാണ് സ്വീകരിക്കുന്നതെന്നും തന്നോട് മറ്റൊരു നിലപാടാണ് കാണിക്കുന്നതായും ആരോപിച്ചായിരുന്നു മഹുവയുടെ കത്ത്.
ഒക്ടോബര്‍ പത്തിന് മൊഴിനല്‍കാന്‍ വിളിച്ച അവകാശസമിതിയോട് ബിധുരി സാവകാശമാവശ്യപ്പെട്ടിരുന്നു. പിന്നീടിതുവരെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍, ഒക്ടോബര്‍ 31-ന് തന്നോട് ഹാജരാകാനാവശ്യപ്പെട്ടപ്പോള്‍ വിജയദശമി ആഘോഷച്ചടങ്ങുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതിനാല്‍ നവംബര്‍ അഞ്ചിനുശേഷമുള്ള തീയതി നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അതംഗീകരിക്കാതെ വ്യാഴാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചു. പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുതന്നെ താന്‍ ഹാജരാകുമെന്ന് കത്തില്‍ മഹുവ പറഞ്ഞു.