KeralaNews

മുഖ്യമന്ത്രിയ്ക്കെതിരായി പ്രതിഷേധം തുടരുന്നു, കറുത്ത സാരിയിൽ മഹിള മോർച്ച പ്രവർത്തർ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan)  പ്രതിഷേധ സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരുന്നു. തലസ്ഥാനത്ത് ക്ലിഫ് ഹൗസ് മുന്നിൽ പ്രതിഷേധിച്ച മഹിള മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കറുത്ത സാരിയുടുത്തായിരുന്നു മഹിള മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന സമയത്തായിരുന്നു പ്രതിഷേധം. പേയാട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവും ഉണ്ടായി. നാല് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തലസ്ഥാനത്ത് ഇന്ന് രണ്ട് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വിളപ്പിൽശാല ഇ എം എസ് അക്കാദമിയിലും വഴിയിൽ ഉടനീളവും കർശന സുരക്ഷയാണ് മുഖ്യമന്ത്രിക്ക് പൊലീസ് ഒരുക്കിയിട്ടുള്ളത്.

ഇ എം എസ് അക്കാദമിയിലെ പരിപാടിയിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ല. ഇന്നത്തെ ആദ്യ പരിപാടി നടക്കുന്ന വിളപ്പിൽശാല ഇ എം എസ് അക്കാദമിയിലേക്ക് പോകുന്നതിനായി ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രിക്ക് നേരെയാണ് കറുത്ത സാരി ഉടുത്ത മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

പൊലീസ് ഏറെ പണിപ്പെട്ടാണ് മഹിളാ മോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. 10 ലധികം മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ക്ലിഫ് ഹൗസ് പരിസരത്ത് പല വഴികളിലായി നിന്ന പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സർക്കാരിനെതിരെ മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാർ പ്രവർത്തിച്ചെന്ന് ഇ പി ജയരാജൻ ആരോപിക്കുന്നു. 

”ഇടനിലക്കാർക്കൊപ്പം നിന്നതിനാണ് എം ആർ അജിത് കുമാറിനെ മാറ്റിയത്. ആ ചുമതലയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് കണ്ടതോടെ മാറ്റി. തെറ്റ് ചെയ്യുന്ന ആരെയും വച്ച് പൊറുപ്പിക്കില്ല എന്നതിന്‍റെ തെളിവാണിത്”, ഇ പി പറഞ്ഞു. 

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കലാപാഹ്വാനം നടത്തിയെന്നതുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ഇന്നലെ പാലക്കാട് പൊലീസ് കൂടുതൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്‍റെ വാദം.

അതേസമയം, മുഖ്യമന്ത്രിയെ വധിക്കാൻ ആർഎസ്സ്എസ്സും, കോൺഗ്രസും ക്വട്ടേഷനെടുത്തിരിക്കുകയാണെന്നാണ് ഇപി ആരോപിക്കുന്നത്. ”മുഖ്യമന്ത്രിയെ വധിക്കാൻ ആർ എസ് എസ് പദ്ധതിയിട്ട് നടക്കുകയാണ്. അക്രമത്തിനു് കോൺഗ്രസും ക്വട്ടേഷൻ ടീമിനെ ചുമതലപ്പെടുത്തി. അടിക്കാൻ ആരെങ്കിലും വന്നാൽ കയ്യും കെട്ടി നോക്കിയിരിക്കില്ല”, ഇ പി പറയുന്നു.

സ്വർണ്ണക്കടത്ത് വിവാദത്തിലെ സമരം അസാധാരണമായ നേർക്കുനേർ തെരുവ് യുദ്ധമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. വിമാനത്തിലെ പ്രതിഷേധത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ ന്യായീകരിച്ചതിലൂടെ സംഭവം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിന്‍റെ പേരിൽ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ തുടർച്ചയാണിതെന്ന് പിണറായി വിജയൻ പ്രതികരിച്ചു. 

വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി ഇറങ്ങി. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് രാത്രിയോടെ കല്ലേറുണ്ടായി. പട്ടിക ഉപയോഗിച്ച് സിപിഎം പ്രവർത്തകർ ഓഫീസ് വളപ്പിലെ കാർ ആക്രമിക്കാൻ ശ്രമിച്ചെന്ന് കോൺഗ്രസ് പരാതിപ്പെട്ടു. എ കെ ആന്‍റണി ഓഫീസിൽ ഉള്ളപ്പോഴായിരുന്നു ആക്രമണം.

കെപിസിസി ആസ്ഥാനത്തെ അക്രമത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ ഓഫീസിന് സമീപത്തെ സിപിഎം ബാനറുകൾ കീറി. ശാസ്തമംഗലത്ത് വെച്ച് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധപ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ കോൺഗ്രസ്സിന്‍റെ ബാനറുകളും ഫ്ലക്സുകളും തകർത്തു. കണ്ണൂരിൽ കെ സുധാകരന്‍റെ ഭാര്യവീട്ടിലേക്ക് കല്ലേറുണ്ടായി. 

ഇടുക്കിയിൽ ഡിസിസി പ്രസിഡന്‍റിന്‍റെ കാറിന് നേരെ ആക്രമണം നടന്നു. വഴിയിലിറങ്ങാൻ അനുവദിക്കില്ലെന്ന സിപിഎം വെല്ലുവിളി ഏറ്റെടുക്കുന്നതായി പ്രതിപക്ഷനേതാവും തിരിച്ചടിക്കുന്നു. സംഘ‌ർഷത്തിന് കാരണം മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധമെന്ന് സിപിഎം പറയുമ്പോൾ കെപിസിസി ആസ്ഥാനത്തേക്കുള്ള സിപിഎം അക്രമമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കോൺഗ്രസിന്‍റെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker