പെണ്‍വാണിഭം; മഹിളാ മോര്‍ച്ച നേതാവ് അടക്കം അഞ്ചു പേര്‍ പിടിയില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാഴ്ച വെച്ചത് നിരവധി പേര്‍ക്ക്
സവായ് മധോപൂര്‍: രാജസ്ഥാനില്‍ പെണ്‍വാണിഭ കേസില്‍ മഹിളാ മോര്‍ച്ച നേതാവ് അടക്കം അഞ്ച് പേര്‍ പിടിയില്‍. ബി.ജെ.പിയുടെ മഹിളാ മോര്‍ച്ച മുന്‍ ജില്ലാ അധ്യക്ഷ സ്മിതാ വര്‍മ്മ അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഹീരാ ലാല്‍, പൂനം ചൗധരി, രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരാണ് പിടിയിലായിട്ടുള്ള മറ്റ് രണ്ട് പേര്‍. സ്മിത വര്‍മ്മ അടങ്ങുന്ന സംഘം തന്നെ വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി.
സെപ്തംബര്‍ 22നാണ് രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടി പരാതി നല്‍കിയത്. സ്മിതാ വര്‍മ്മ സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കി പണത്തിന് പകരം തന്നെ കാഴ്ച വച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. സ്മിത നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് തന്നെ പല സ്ഥലങ്ങളില്‍ എത്തിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
സ്‌കൂളില്‍ നിന്ന് മടങ്ങുന്ന വഴിയില്‍ വച്ചാണ് പെണ്‍കുട്ടിയേ സംഘം കൂട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് പലര്‍ക്കായി കാഴ്ചവയ്ക്കുകയായിരുന്നു. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്തതായും പരാതിയില്‍ പറയുന്നു.