KeralaNews

മാഹി ബൈപ്പാസ്: 20 മിനിറ്റില്‍ 18.6 കി.മീ ദൂരം പിന്നിടാം,ടോള്‍ നിരക്കുകള്‍ ഇങ്ങനെ, അറിയേണ്ടതെല്ലാം

കോഴിക്കോട്: പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന കാത്തിരിപ്പിന് ശേഷം മാഹി ബൈപ്പാസ് യാഥാർത്ഥ്യമായി കഴിഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ബൈപ്പാസ് നാടിന് സമർപ്പിച്ചത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ചോനാടത്ത് ആയിരം പേർക്ക് ഇരിക്കാവുന്ന പ്രത്യേക വേദിയും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ തിരുവനന്തപുരത്തുനിന്ന് ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ സ്പീക്കർ എഎൻ ഷംസീറും മരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ചോനാടത്തെ വേദിയിൽ നേരിട്ടെത്തി.

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാത യാഥാർഥ്യമായിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. ദേശീയപാത ബൈപാസിനായി 1977ൽ തന്നെ സ്ഥലമേറ്റെടുപ്പ് ആരംഭിച്ചെങ്കിലും 2018 നവംബറിലാണു പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്. കണ്ണൂർ മുഴുപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൈർഘ്യമാണ് മാഹി ബൈപ്പാസിനുള്ളത്.

നാല് വലിയ പാലങ്ങൾ,നാല് സബ് വേകൾ,21 അണ്ടർ പാസ്സുകൾ,ഒരു ടോൾ പ്ലാസ,റെയിൽവേ മേൽപ്പാലം എന്നിവ ഉൾപ്പെടുന്ന ബൈപ്പാസിനായി ചിലവായത് 1300 കോടി രൂപയാണ്. അഞ്ചരമീറ്റർ വീതിയിൽ ഇരുഭാഗത്തും സർവ്വീസ് റോഡുകളുമുണ്ട്. ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന ബൈപ്പാസ് ദേശീയപാത 66ന്റെ ഭാഗമാണ്.

മാഹിബൈപ്പാസ് തുറന്നതോടെ മാഹി, തലശ്ശേരി എന്നിവിടങ്ങളിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ബൈപ്പാസ് വഴി മുഴപ്പിലങ്ങാട് നിന്ന് അഴിയൂരിലേക്ക് 15 മിനിറ്റിനുള്ളിലും മുഴപ്പിലങ്ങാട് മഠം ജംക്‌ഷൻ മുതൽ അഴിയൂർ വരെയുള്ള 18.6 കിലോമീറ്റർ ദൂരം പരമാവധി 20 മിനുറ്റിലും എത്തിച്ചേരാം.

ഉദ്ഘാടനത്തിന് മുമ്പ് തന്നെ മാഹിബൈപ്പാസില്‍ ടോള്‍ പിരിവും ആരംഭിച്ചിട്ടുണ്ട്. ഫാസ്ടാഗ് സംവിധാനം വഴിയായിരിക്കും ടോള്‍പിരിവ്. അല്ലാത്തവർ ഇരട്ടിതുക നല്‍കേണ്ടി വരും. കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറു സ്വകാര്യവാഹനങ്ങൾക്കു 65 രൂപയാണ് ബൈപ്പാസ് കടക്കാനുള്ള ടോള്‍ നിരക്ക്. ഇരുവശത്തേക്കും ഒരേ ദിവസം യാത്ര ചെയ്യുകയാണെങ്കിൽ 100 രൂപ മതിയാകും.

2195 രൂപയ്ക്ക് പ്രതിമാസ നിരക്കിലും യാത്ര ചെയ്യാം. 50 യാത്രകളായിരിക്കും ഒരു മാസത്തില്‍ ചെയ്യാന്‍ കഴിയുക. ജില്ലയിൽ റജിസ്റ്റർ ചെയ്ത ടാക്സി വാഹനങ്ങൾക്ക് 35 രൂപയാണ് ഒരു യാത്രയ്ക്കുള്ള നിരക്ക്. മിനി ബസുകൾക്കും ചെറു വാണിജ്യ വാഹനങ്ങൾക്കും ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 105 രൂപയും ഒരേ ദിവസം ഇരുവശത്തേക്കുമുള്ള യാത്രയില്‍ 160 രൂപയും നല്‍കേണ്ടി വരും.

ബസുകളുടേയും ലോറിയുടേയും കാര്യത്തില്‍ 2 ആക്സിലാണെങ്കില്‍ ഒരു വശത്തേക്ക് 225 രൂപയും ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യാൻ 335 രൂപയും നൽകണം. 3 ആക്സിൽ വാഹനങ്ങൾക്ക് 245 രൂപയും ഇരുവശത്തേക്കും 355 രൂപയും 4 മുതൽ 6 വരെ ആക്സിലുള്ള വാഹനങ്ങൾക്ക് ഒരു ഒരു വശത്തേക്ക് 350 രൂപയും ഇരുവശത്തേക്കും ഒരു ദിവസം യാത്ര ചെയ്യാന്‍ 542 രൂപയും നൽകണ്ടി വരും. അതിന് മുകളിലേക്ക് വരുമ്പോള്‍ ഒരു വശത്തേക്ക് 425 രൂപയും ഇരുവശത്തേക്കും 640 രൂപയുമാണു നിരക്ക്. നാട്ടുകാർക്ക് പ്രത്യേക ഇളവും ടോളില്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ താമസക്കാരാണെങ്കില്‍ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിൽ പ്രതിമാസ പാസ് ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker