മുംബൈ: കൊവിഡിനെ പ്രതിരോധിക്കാനെന്ന പേരില്‍ പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ് പുറത്തിറക്കിയ മരുന്നിന്റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് താക്കീതുമായി രംഗത്തെത്തിയത്. ‘വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുകയാണ്,’ അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു.
കൊറോണിലിന്റെ മരുന്നില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിക്കുമെന്നും അനില്‍ ദേശ്മുഖ് ട്വീറ്റില്‍ കുറിച്ചു. ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഹാഷ്ടാഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കൊറോണിലിന്റെ പരസ്യങ്ങള്‍ നിരോധിക്കാന്‍ ആയുഷ് മന്ത്രാലയം എടുത്ത തീരുമാനത്തെ അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു.
കൃത്യമായ അളവുകളോ ക്ലിനിക്കല്‍ പരിശോധനകളോ ആധികാരികമായ രജിസ്ട്രേഷനുമൊന്നുമില്ലാത്ത, കൊവിഡിനെ പ്രതിരോധിക്കുമെന്ന പേരില്‍ ഇറങ്ങിയ മരുന്ന് അംഗീകരിക്കാന്‍ കഴിയില്ല. ആയുഷ് മന്ത്രാലയം അതിന്റെ പരസ്യം നിരോധിച്ചത് വലിയ കാര്യമാണ്,’ അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു.
എന്നാല്‍ രാംദേവിന്റെ മരുന്നിനെ സ്വാഗതം ചെയ്ത് ആയുഷ് മന്ത്രാലയം രംഗത്തെത്തിയിരുന്നു. രാംദേവ് രാജ്യത്തിന് പുതിയ മരുന്ന സംഭാവന ചെയ്തത് നല്ല കാര്യമാണെന്നും എന്നാല്‍ പരിശോധനയ്ക്ക് ശേഷമേ അനുമതി നല്‍കൂവെന്നും മന്ത്രി ശ്രീപഥ് നായിക് പറഞ്ഞു. നിയമം അനുസരിച്ച് അവര്‍ ആദ്യം ആയുഷ് മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിക്കണം. രാംദേവ് മരുന്നുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് അയക്കണം. ഞങ്ങള്‍ അത് പരിശോധിച്ച ശേഷം മാത്രമേ മരുന്നിന് അനുമതി നല്‍കുകയുള്ളൂ എന്നാണ് ആയുഷ് വകുപ്പ് മന്ത്രി ശ്രീപഥ് നായിക് പറഞ്ഞത്.
കൊവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്നും ഏഴു ദിവസം കൊണ്ട് കൊവിഡ് ഭേദമാക്കും എന്നുമാണ് രാം ദേവിന്റെ പതജ്ഞലി കമ്പനിയുടെ അവകാശവാദം. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. പരീക്ഷണത്തില്‍ നൂറുശതമാനം മരുന്ന് വിജയമാണെന്നും ഇവര്‍ അവകാശപ്പെട്ടു. രാജ്യത്തെ 280 കൊവിഡ് രോഗികളില്‍ മരുന്ന് ഫലം കണ്ടെന്നാണ് രാംദേവ് അവകാശപ്പെട്ടത്. ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതജ്ഞലി ആയുര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം.