KeralaNews

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം മികച്ച മാതൃകയെന്ന് മഹാരാഷ്ട്ര, പഠിയ്ക്കാനായി വിദ്യാഭ്യാസ മന്ത്രിയടക്കം കേരളത്തിൽ

തിരുവനന്തപുരം:  കേരള വിദ്യാഭ്യാസ മാതൃകയുമായി ബന്ധപ്പെട്ട പഠനം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക്ക് വസന്ത് കേസാർക്കറും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെത്തി.  ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും മന്ത്രി വി ശിവന്‍കുട്ടിയുമായി  ചർച്ച നടത്തി. കേരള മോഡൽ വിദ്യാഭ്യാസവും അതിന്റെ ഭരണപരമായ വിവരങ്ങളും സംബന്ധിച്ച ആശയവിനിമയമാണ് നടന്നത്. 

1957 ലെ ഒന്നാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഒന്നാം പിണറായി വിജയൻ സർക്കാർ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും അതിന്റെ ഗുണഫലങ്ങളും  ചർച്ച ചെയ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്ന  നവീന ആശയങ്ങളും പദ്ധതികളും മന്ത്രിയും ഉദ്യോഗസ്ഥരും മഹാരാഷ്ട്ര സംഘത്തിന് വിശദമാക്കി.

പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃകകളാണ് കേരളം നടപ്പാക്കുന്നതെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക്ക് കേസർക്കാർ പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ തലവൻമാരുടേയും   പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും സംയുക്ത യോഗത്തിലാണ് മഹാരാഷ്ട്ര മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. കേരളം നടപ്പാക്കിവരുന്ന ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ മഹാരാഷ്ട്രയിലും നടപ്പാക്കുന്നതിനാവശ്യമായ  നിർദ്ദേശം ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു.  മൂന്ന് മണിക്കൂറോളം നടന്ന യോഗത്തിൽ ഓരോ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പ്രത്യേകം അവതരിപ്പിക്കപ്പെട്ടു. പദ്ധതി പ്രവർത്തനങ്ങളുടെ മേൽ സംശയനിവാരണവും നടന്നു.  

തുടർന്ന് കേരളത്തിന്റെ  വിദ്യാഭ്യാസ മാതൃക നടപ്പാക്കുന്ന മേഖലകളുടെ  വിശദാംശങ്ങൾ ശേഖരിക്കാനും ഉദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകി.  കേരളം ജൂൺ ഒന്നിന് നടത്തിവരുന്ന പ്രവേശനോത്സവം ഇനിമുതൽ മഹാരാഷ്ട്രയിലും അടുത്ത വർഷം മുതൽ നടപ്പാക്കുമെന്നും അതിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു.  പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന് സമൂഹ്യപരമായ  ഇടപെടലും തദ്ദേശ സ്ഥാപനങ്ങളുടെ  പങ്കാളിത്തവും ഉറപ്പുവരുത്തിയ കേരള മാതൃകയെ അദ്ദേഹം അഭിനന്ദിച്ചു. 

ഭിന്നശേഷി മേഖലയിലെ ഇടപെടലുകളടക്കം  സമഗ്ര ശിക്ഷ കേരളയുടെ വിവിധ പരിപാടികളും മറ്റ് ഏജൻസികളുടെ പരിപാടികളും പ്രത്യേകം അവതരിപ്പിക്കപ്പെട്ടു . സമഗ്ര ശിക്ഷ കേരളയുടെ പദ്ധതി പ്രവർത്തനങ്ങൾ  മഹാരാഷ്ട്രയിൽ ഒന്നടങ്കം അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചുവരുന്ന കായിക മത്സരങ്ങൾ ,കലോത്സവങ്ങൾ , ശാസ്ത്ര സാങ്കേതിക മത്സരങ്ങൾ അടക്കമുള്ളവ മഹാരാഷ്ട്ര വിദ്യാഭ്യാസ രംഗത്തും നടപ്പാക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ സ്ഥാപനങ്ങളുടെ മേധാവികളുമായും മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും വേറെ യോഗം ചേരുകയുമുണ്ടായി.

പൊതുവിദ്യാഭ്യാ ഡയറക്ടർ ജീവൻ ബാബു കെ. ഐ എ എസ് , സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ.ആർ , എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ജയപ്രകാശ് ആർ.കെ, എസ് ഐ ഇ ടി ഡയറക്ടർ ബി. അബുരാജ്, സ്കോൾ കേരള വൈ. ചെയർമാൻ ഡോ.പി. പ്രമോദ് , തുടങ്ങി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ തലങ്ങളിലുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker