കൊച്ചി: സര്‍വകലാശാല ചട്ടപ്രകാരം മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി പരീക്ഷാഹാളില്‍ പ്രവേശിക്കുന്നതിനു കര്‍ശന വിലക്കുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ, ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴിതിയത് കൈയ്യില്‍ മൊബൈലും പിടിച്ച്.
ഈ സംഭവം വിവാദമായിരിക്കുകയാണ്. എന്നാല്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കോപ്പി അടിക്കാനല്ല എന്നത് വാസ്തവം. പരീക്ഷ സമയം ക്ലാസ്സ് മുറിയില്‍ വേണ്ടത്ര വെളിച്ചം ഇല്ലായിരുന്നു. അതുകൊണ്ട് അധ്യാപകരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്തരത്തില്‍ പരീക്ഷ വിദ്യാര്‍ത്ഥികള്‍ എഴുതിയത്.
ഇരുട്ടു വീണ ക്ലാസ് മുറിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങളും പുറത്തുവന്നു. ഇന്നലെ രാവിലെ മുതല്‍ കോളജില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. കനത്ത മഴക്കോളു കൂടിയായതോടെ പരീക്ഷാ ഹാളില്‍ ഇരുട്ടായി. ഇതോടെയാണു വിദ്യാര്‍ഥികള്‍ വെളിച്ചത്തിനായി മൊബൈല്‍ ഫോണിനെ ആശ്രയിച്ചത്.
സര്‍വകലാശാല ചട്ടപ്രകാരം മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി പരീക്ഷാഹാളില്‍ പ്രവേശിക്കുന്നതിനു കര്‍ശന വിലക്കുണ്ട്. ഇത്തരം ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ആണെങ്കില്‍ പോലും ഹാളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ പരീക്ഷകള്‍ തുടങ്ങുന്നതിനു മുന്നോടിയായി പരീക്ഷ കണ്‍ട്രോളര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.
ഈ സര്‍ക്കുലറിനു വിരുദ്ധമാണു വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനമെങ്കിലും നടപടികള്‍ക്കു നീക്കമില്ല. പരീക്ഷയെഴുതാന്‍ ആവശ്യമായ വെളിച്ചം നല്‍കാന്‍ കേളജിനു കഴിയാത്ത സാഹചര്യത്തില്‍ എങ്ങനെ നടപടിയെടുക്കുമെന്നും ചോദ്യമുണ്ട്.
കോളജിലെ ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന ചിത്രങ്ങള്‍ പുറത്തെത്തിയതോടെയാണ് സംഭവം ചര്‍ച്ചയായത്.
കോളജില്‍ രാവിലെ മുതല്‍ കറണ്ടില്ലെന്നാണ് പരീക്ഷ ചുമതലയുള്ള അധ്യാപകര്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. തങ്ങള്‍ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിലാണ് പരീക്ഷയെഴുതിയതെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.