
പ്രയാഗ് രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാത്തവരെ ലക്ഷ്യമിട്ട് പുതിയ ‘സേവനം’. സംഭവസ്ഥലത്ത് എത്തിപ്പെടാത്തവരെയാണ് ഈ സംരഭകൻ ലക്ഷ്യം വെക്കുന്നത്. മഹാകുംഭമേളയിൽ സ്നാനം ചെയ്യാൻ സാധിക്കാത്തവർ തങ്ങളുടെ ഫോട്ടോ വാട്സാപ്പ് വഴി അയച്ചു കൊടുത്താൽ അത് പ്രിന്റ് ചെയ്ത് ഫോട്ടോ വെള്ളത്തിൽ മുക്കിയെടുക്കുന്നതാണ് പുതിയ സേവനം. ഇതിനായി 1100 രൂപയാണ് ഈടാക്കുന്നതെന്ന് സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളടക്കം പങ്കുവെച്ചു കൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രദേശവാസിയായ ആളാണ് ഇത്തരത്തിൽ ഒരു സംരംഭം ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സാമൂഹിക മാധ്യമങ്ങളുപയോഗിച്ചാണ് പ്രചാരണങ്ങൾ. കൈയിൽ ഫോട്ടോകളും പിടിച്ചു നിൽക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തുന്നത്. സനാതന ധർമ്മത്തെ അവഹേളിക്കുകയാണെന്നും നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ എന്നടക്കമുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ചൈനയ്ക് ഡീപ് സീക് ഉണ്ട്, നമുക്ക് ഡീപ് സ്നാൻ ഉണ്ട് എന്ന മറ്റൊരു ഉപഭോക്താവ് കമന്റ് കുറിച്ചു.