കൊച്ചി: മാജിക് മഷ്റൂം നിരോധിത ലഹരി വസ്‌തുവല്ലെന്ന നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് ആണെന്നും അതിനാൽ ഇവയെ നിരോധിത ലഹരി വസ്‌തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് കോടതി പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന രാസ വസ്‌തുവിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തിൽ ഫംഗസായി മാത്രമേ കാണാൻ കഴിയൂ എന്നാണ് ഹൈക്കോടതി അറിയിച്ചത്.
ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 226 ഗ്രാം മാജിക് മഷ്റൂമും 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്‌സൂളുകളുമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന ഭ്രമാത്മകതയുണ്ടാക്കുന്ന സിലോസൈബിന്റെ അളവ് എത്രയെന്ന് കണക്കാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണനാണ് ജാമ്യം നൽകിയത്.
കർണാടക സ്വദേശിയാണ് കേസിലെ പ്രതി. കഴിഞ്ഞ ഒക്ടോബറിൽ വയനാട്ടിലെ കാട്ടിക്കുളത്ത് വച്ച് ആഡംബര കാറിൽ കടത്തുകയായിരുന്ന ലഹരി വസ്‌തുക്കൾ പിടിച്ച സംഭവത്തിൽ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. മാജിക് മഷ്‌റൂം, അതിന്റെ ക്യാപ്‌സൂളുകൾ എന്നിവയ്ക്ക് പുറമേ 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ്സ് എന്നിവയാണ് ബെംഗളൂരു സ്വദേശിയായ രാഹുൽ റായിയിൽ നിന്നും പിടിച്ചെടുത്തത്.
കേസിലെ പ്രതിയായ രാഹുൽ അറസ്‌റ്റിലായിട്ട് 90 ദിവസം കഴിഞ്ഞെന്നും വാണിജ്യ അളവിലുള്ള ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കഞ്ചാവും ചരസും ജാമ്യം കിട്ടാവുന്ന അളവിലുള്ളതേ പിടിച്ചെടുത്തിട്ടുള്ളൂവെന്നും ഇതിൽ പറയുന്നു. രാഹുൽ യുഎസിൽ പഠിച്ച, അവിടെ ജോലി ചെയ്‌ത ആളാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
സമാനമായ വിധത്തിൽ കർണാടക, തമിഴ്‌നാട് ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധികൾ കേരള ഹൈക്കോടതിയും പരിഗണിച്ചു. ഇത് ലഹരി വസ്‌തുവുമായി കൂട്ടിക്കലർത്തിയതല്ല. അതുകൊണ്ടു തന്നെ ഷെഡ്യൂൾഡ് ലഹരി വസ്‌തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത് ഇവിടെ ബാധകമല്ല എന്ന് വ്യക്തമാക്കിയ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം, കേരളത്തിൽ ഇത്രയും മാജിക് മഷ്‌റൂം കണ്ടെടുക്കുന്ന സംഭവം ഇത് ആദ്യമായിരുന്നു. ലോക മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നായാണ് മാജിക് മഷ്‌റൂമിനെ കണക്കാക്കുന്നത്. സംസ്ഥാനത്തെ വിവിധ മേഖലകളിൽ മാജിക് മഷ്‌റൂം ലഭ്യത കൂടിയെന്നും സുലഭമായി കിട്ടുന്നുവെന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട നിർണായക നിരീക്ഷണം കോടതി നടത്തിയത്.