NationalNews

മധ്യപ്രദേശ് വോട്ടെടുപ്പ് :പരക്കെ സംഘര്‍ഷം; ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ അക്രമം. സംസ്ഥാനത്തെ സെന്‍സിറ്റീവ് പ്രദേശങ്ങളായ ഭിന്ദിലും മൊറേനയിലും ആണ് വോട്ടെടുപ്പിനിടെ അക്രമമുണ്ടായത്. ഭിന്ദിലെ മെഹ്ഗാവ് അസംബ്ലി മണ്ഡലത്തിലെ മന്‍ഹാദ് ഗ്രാമത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി രാകേഷ് ശുക്ലയ്ക്ക് നിസാര പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതെ നിയന്ത്രിച്ചത്. കല്ലേറില്‍ രാകേഷ് ശുക്ലയുടെ കാറിനും കേടുപാടുകള്‍ സംഭവിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ രാകേഷ് ശുക്ലയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് രണ്ട് തവണ വെടിയുതിര്‍ത്തതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പോളിംഗ് ബൂത്തിന് പുറത്ത് കല്ലേറുണ്ടായതായാണ് വിവരം. മൊറേന ജില്ലയിലെ മിര്‍ഘാനിലെ ദിമാനി നിയമസഭാ മണ്ഡലത്തിലെ 147, 148 എന്നീ പോളിംഗ് ബൂത്തുകളിലും കല്ലേറുണ്ടായി.

രണ്ട് സംഘങ്ങള്‍ പരസ്പരം കല്ലെറിയാന്‍ തുടങ്ങിയതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. എങ്കിലും സ്ഥിതി നിയന്ത്രണവിധേയമായതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. ഝബുവ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ബി ജെ പി പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പില്‍ ഗുണ്ടാരാജാണ് നടക്കുന്നത് എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ കമല്‍നാഥിന്റെ മകനും കോണ്‍ഗ്രസ് എം പിയുമായ നകുല്‍ നാഥിനെ ചിന്ദ്വാരയിലെ ബരാരിപുരയിലെ പോളിംഗ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ബി ജെ പി അംഗങ്ങള്‍ തടഞ്ഞു. 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴുമണിക്കാണ് ആരംഭിച്ചത്. 6 മണി വരെ വോട്ടെടുപ്പ് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നക്സലൈറ്റ് ബാധിത പ്രദേശങ്ങളായ ബാലാഘട്ട്, മണ്ഡ്ല, ദിന്‍ഡോരി എന്നിവിടങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മണിക്കും മറ്റെല്ലായിടത്തും വൈകുന്നേരം 6 മണിക്കും വോട്ടെടുപ്പ് അവസാനിക്കും. മോശം സാഹചര്യം തടയാന്‍ 230 നിയോജക മണ്ഡലങ്ങളിലും വന്‍തോതില്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

കോണ്‍ഗ്രസും ബിജെപിയും 230 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബി എസ് പി 183 സീറ്റുകളിലും എസ് പി 71 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി 66 സീറ്റുകളിലും ആണ് മധ്യപ്രദേശില്‍ മത്സരിക്കുന്നത്. ഡിസംബര്‍ മൂന്ന് മറ്റ് മൂന്ന് സംസ്ഥാനങ്ങള്‍ക്കൊപ്പം മധ്യപ്രദേശിലേയും ഫലം അറിയാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker