പത്തനംതിട്ട: നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിൻ്റെ കുടുംബം ആവശ്യപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി രണ്ടു തട്ടിലാണെന്നുള്ള പരാമർശമുണ്ട്. പാർട്ടി എല്ലാ അർത്ഥത്തിലും നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണെന്നും പത്തനംതിട്ടയിലെ നവീൻ ബാബുവിൻ്റെ കുടുംബം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
കണ്ണൂരിലെ പാർട്ടിയായാലും പത്തനംതിട്ടയായാലും കേരളമായാലും പാർട്ടിക്ക് നിലപാട് ഒന്നുതന്നെയാണ്. ജനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയം പിപി ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയാണ്. അതിന് സമയം താമസിപ്പിക്കാതെ മാറ്റി. നവീൻ ബാബുവിൻ്റെ കുടുംബത്തിന് ഒപ്പമാണെന്ന് പറയുന്ന മാധ്യമങ്ങളുടെ പ്രയോഗം തെറ്റാണ്.
പാർട്ടി കുടുംബത്തിനൊപ്പം തന്നെയാണ്. എംവി ജയരാജൻ മൃതദേഹത്തോടൊപ്പം എത്തിയിരുന്നു. വിഷയത്തിൽ ആദ്യം മുതൽ തന്നെ പാർട്ടി കുടുംബത്തിന് ഒപ്പമാണ്. ആവശ്യമില്ലാതെ വാർത്തകൾ ഉണ്ടാക്കരുത്. സിപിഎം സംസ്ഥാന സെക്രട്ടറിയായ താനാണ് പറയുന്നത് പാർട്ടി കുടുംബത്തോടൊപ്പമാണെന്ന്. അന്വേഷണത്തിന് എന്തെല്ലാം നടപടികൾ വേണോ അതിനെല്ലാം പൂർണ്ണമായി പിന്തുണക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.