മലപ്പുറം: രാമക്ഷേത്രത്തിൽ നാളെ നടക്കുന്ന പ്രതിഷ്‌ഠാ ചടങ്ങ് കണ്ണൂര്‍ വിമാനത്താവളം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തത് പോലെയാണെന്ന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 2025 ൽ മാത്രമേ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാവൂ. തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാനാണ് ഇപ്പോൾ രാമക്ഷേത്രത്തിൽ ചടങ്ങ് നടത്തുന്നത്.
ഏപ്രിൽ – മെയ് മാസങ്ങളാകുമ്പോൾ തെരഞ്ഞെടുപ്പ് വരും. ജനങ്ങളുടെ പ്രശ്നം പറഞ്ഞ് ബിജെപിക്ക് വോട്ട് തേടാൻ കഴിയില്ല. അത്രയേറെ ദുരിതവും പട്ടിണിയുമാണ് രാജ്യത്ത് നടക്കുന്നത്. ഇതിനെ മറികടക്കാനാണ് വിശ്വാസത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത്. അതിനെയാണ് വര്‍ഗീയതയെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞാനാണ് കമ്മ്യൂണിസ്റ് എന്നൊരു തോന്നാൽ പലർക്കും ഉണ്ടാകാമെന്നും എന്നാൽ ഞാൻ അല്ല കമ്മ്യൂണിസ്റ്റ് എന്ന ബോധം എല്ലാവർക്കും ബോധം വേണമെന്നും അദ്ദേഹം മേപ്പാടിയിൽ പിഎ മുഹമ്മദിന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുമ്പോൾ പറഞ്ഞു. പാർട്ടിയെ പടുത്ത ഭൂതകാലം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഓര്‍ക്കണമെന്നും എത്ര പേര്‍ ജീവൻ കൊടുത്ത പാർട്ടിയാണ് നമ്മുടേതെന്നത് ഓര്‍മ്മ വേണമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ പ്രവണതകൾ, ജനങ്ങൾക്ക് പൊറുക്കാൻ കഴിയാത്ത കാര്യങ്ങൾ ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. തെറ്റുകൾ തിരുത്തി പോവാൻ കഴിയണം. തുടര്‍ച്ചയായി രണ്ടാമതും അധികാത്തിൽ എത്തിയപ്പോൾ ചിലയിടങ്ങളിൽ തെറ്റായ പ്രവണതകൾ ഉണ്ടാകുന്നുണ്ട്. അതിലെല്ലാം കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകി.
ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ 2025 ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികമാണ് 2025 ൽ. ഇതോടെ ഇന്ത്യൻ ഭരണഘടന ഇല്ലാതാക്കപ്പെടും. ചാതുർവർണ്യ വ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടും. വംശഹത്യകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.