KeralaNews

അൻവറിൻ്റെ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ച്, അന്വേഷിക്കേണ്ടത് ഭരണ തലത്തിലെന്നും എംവി ഗോവിന്ദൻ

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവർ നൽകിയ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന സർക്കാരിനും പാർട്ടിക്കും നൽകിയ പരാതി പരിശോധിച്ചു. പരാതി ഉന്നയിച്ച പ്രകാരം സുജിത് ദാസിനെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഭരണ തലത്തിൽ പരിശോധന നടത്താനായി സംസ്ഥാന സർക്കാർ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നൽകുന്നതാണ് അന്വേഷണ സമിതി. ഈ റിപ്പോർട്ട് വന്നാലുടൻ തെറ്റായ സമീപനം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു. 

പ്രതിപക്ഷം രാഷ്ട്രീയ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. അതിന് മാധ്യമങ്ങൾ പിന്തുണ നൽകുന്നു. സംസ്ഥാനത്ത് ഏത് പ്രശ്നം ഉയർന്നാലും മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ അതിനെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ യൂത്ത് കോൺഗ്രസ് സമരം, ഇന്ന് കോൺഗ്രസ് സമരവും നടത്തി. കെ സുധാകരൻ ഉന്നയിച്ച ഭീഷണി ഡിവൈഎഫ്ഐ നേതാവാണ് നടത്തിയതെങ്കിൽ അത് വലിയ തോതിൽ ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ ഇന്നും സുധാകരൻ പറഞ്ഞത് വാർത്തയാക്കിയില്ല. അൻവറിൻ്റെ പരാതി ഇപ്പോൾ ചർച്ച ചെയ്യുന്ന മാധ്യമങ്ങൾ നേരത്തെ അൻവറിനെ കുറിച്ച് പറഞ്ഞത് എന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുന്ന സിപിഎം രീതി കോൺഗ്രസിലില്ല. സിമി റോസ്ബെല്ലിനെ കോൺഗ്രസ് പുറത്താക്കിയത് എന്ത് ചർച്ചയുടെ അടിസ്ഥാനത്തിലാണ്? അത് മാധ്യമങ്ങൾ ചർച്ചയാക്കിയില്ല. സ്ത്രീകൾക്കെതിരെ ഈ നിലപാട് സ്വീകരിക്കുന്നവരാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പേരിൽ തെരുവിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് കേരളത്തിന് രാജ്യത്തിൻ്റെ പല ഭാഗത്തും അംഗീകാരം ലഭിക്കുന്നുവെന്ന് എംവി ഗോവിന്ദൻ. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സമാന ആവശ്യം ഉയർന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിലവിൽ 12 ഓളം കേസുകൾ വന്നു. ഹൈക്കോടതിയിൽ വനിതാ പ്രാതിനിധ്യത്തോടെ പുതിയ ബെഞ്ച് ഉണ്ടാക്കിയതിനെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദ‍ൻ പറഞ്ഞു.

പാർട്ടി സമ്മേളനം നടക്കെ ചർച്ചകൾ ആസൂത്രിതമായി നടക്കുന്നു. ബ്രാഞ്ച് സമ്മേളനങ്ങൾ തീരാൻ ഇനിയും ഒരു മാസത്തോളം സമയമെടുക്കും. 100 ശതമാനം അംഗങ്ങളും പങ്കെടുത്താണ് ബ്രാഞ്ച് സമ്മേളനങ്ങൾ നടത്തുന്നത്. ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പുതിയ അംഗങ്ങളെ പ്രവചിക്കുന്നത് അസംബന്ധം. ബ്രാഞ്ച് സമ്മേളനങ്ങളിൽ നടക്കുന്ന കാര്യങ്ങളെ സാമാന്യവത്കരിക്കുകയാണ്. 

തൃശ്ശൂർ പൂരം സംബന്ധിച്ച പറയുന്നത് തികച്ചും അവാസ്തവുമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങൾ നേരത്തെ പരിഹരിച്ചതാണ്. ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി ആർഎസ്എസും ബിജെപിയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല. ബിജെപിയുമായി സിപിഐഎം ധാരണയുണ്ടാക്കി എന്നത് കള്ളക്കഥയാണ്. വ്യാജ വാർത്ത തയ്യാറാക്കിയ ശേഷം അത് പ്രതിപക്ഷ നേതാവിലൂടെ ഉന്നയിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. അജണ്ട വച്ച് നടത്തുന്ന വ്യാജ പ്രചരണമാണിത്. തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ടിലാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker