KeralaNews

എവിടെ ജിപിഎസ്… ലോറി… എവിടെ മുറുകിയ കുരുക്ക്, സഭയിൽ ആഞ്ഞടിച്ച് സ്വരാജ്

തിരുവനന്തപുരം: സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തെ നിശിതമായി വിമർശിച്ചും, അക്കമിട്ട് തിരിച്ചടിച്ചും എം സ്വരാജ് എംഎൽഎ. ഈ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സൃഷ്ടിപരമായ ഒരു ആശയവും ഉയർന്നുവന്നിട്ടില്ല. ശൂന്യതയിൽ നിന്നുണ്ടാകുന്ന ബഹളമാണ്. പ്രമേയാവതാരകൻ സ്പീക്കറെ അഭിനന്ദിച്ചുവെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.

ഒരു നിരപരാധിയെ ഒരു സംഘം കുറ്റവാളികൾ ചേർന്ന് കുരിശിലേറ്റാൻ വൃഥാ പണിപ്പെടുന്ന കാഴ്ചയാണ്. പത്രവാർത്തകളുടെ അടിസ്ഥനത്തിലല്ല വസ്തുതകളുടെ അടിസ്ഥാനത്തിൽ വേണം ആരോപണം ഉന്നയിക്കാൻ. സമൂമാധ്യമത്തിൽ തങ്ങൾ തീറ്റിപ്പോറ്റുന്ന അടിമപ്പട്ടാളത്തെ കയറൂരിവിടുന്നവരാണ് പ്രതിപക്ഷം. ജിപിഎസ് ഓഫായി, ലോറി ബാംഗ്ലൂരിൽ പോയി, കുരുക്ക് മുറുകുന്നു എന്നെല്ലാം ഒരു തരി പൊന്ന് പോലും ഇല്ലാത്ത കുടുംബത്തിലെ അംഗമായ ഈ മന്ത്രിസഭയിലെ മന്ത്രിയെ അധിക്ഷേപിച്ചിട്ട് എന്തുണ്ടായി? എവിടെ ജിപിഎസ്, എവിടെ ലോറി, എവിടെ മുറുകിയ കുരുക്കെന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ ധാർമ്മികതയും മര്യാദയും തൊട്ടുതീണ്ടാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പ്രതിപക്ഷ ഉപനേതാവിന്റെ ആരെയൊക്കെ ചോദ്യം ചെയ്തുവെന്ന് എംകെ മുനീറിനോട് അദ്ദേഹം ചോദിച്ചു. കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നിട്ട് ഓടിരക്ഷപ്പെടേണ്ട ഗതികേട് ഞങ്ങൾക്കാർക്കും വന്നിട്ടില്ല. 53ാമത്തെ വയസിൽ പിറന്നുവീണയാളല്ല ശ്രീരാമകൃഷ്ണൻ. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ചരിത്രമുള്ളയാളാണ്. കളങ്കത്തിന്റെ ഒരു പൊട്ടുപോലും അദ്ദേഹത്തിനെതിരെയില്ലെന്നും ഉപരാഷ്ട്രപതി നൽകിയ പ്രശംസാ പത്രത്തിലെ വാചകം പരാമർശിച്ചു കൊണ്ട് സ്വരാജ് പറഞ്ഞു.

ഈ രാജ്യത്തെ ഐഡിയൽ സ്പീക്കർക്കുള്ള അവാർഡ് പി.ശ്രീരാമകൃഷ്ണൻ വാങ്ങി. അദ്ദേഹം കേരളത്തിന്റെ അഭിമാനം ഉയർത്തി. കേട്ടുകേൾവിയുടെയും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കുന്ന ആരോപണമാണ്. ഇത് വേണ്ടിയിരുന്നില്ലെന്ന തോന്നൽ പ്രമേയാവതാരകന് ഇപ്പോഴുണ്ട്. തൃക്കാക്കര അംഗത്തിന്റെ പരാതി പ്രമേയത്തിൽ ഇല്ലാത്തതാണെന്ന് സ്വരാജ് പറയുന്നു. സഭയിൽ പ്രതിപക്ഷത്തിന് സമയം അനുവദിച്ചില്ലെന്ന അദ്ദേഹത്തിന്റെ ആരോപണം ഉയർത്തിക്കാട്ടിയായിരുന്നു ഇത്. എന്നാൽ 66 സബ്മിഷൻ അനുവദിച്ചതിൽ 33 സബ്മിഷൻ പ്രതിപക്ഷത്തിന് ലഭിച്ചുവെന്ന് ഇടയ്ക്ക് എ പ്രദീപ് കുമാർ എംഎൽഎ പറഞ്ഞു.

പ്രതിപക്ഷം കള്ളമാണ് പറയുന്നത്. 30 കോടിയോളം വാർഷിക ചെലവാണ് കടലാസ് അച്ചടിക്കാൻ വേണ്ടത്. സഭയെ ഘട്ടംഘട്ടമായി കടലാസ് രഹിതമാക്കാനുള്ളതാണ് പദ്ധതി. ഇതിന്റെ ആകെ ചെലവ് 52 കോടിയാണ്. രണ്ട് കൊല്ലം കടലാസ് അച്ചടിക്കേണ്ട പണം മാത്രമാണ് ഇതിന് വേണ്ടിവരുന്നതെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. സഭ ടിവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അഭിപ്രായം മാനിച്ചാണ് എല്ലാ പ്രവർത്തനവും നടത്തിയിട്ടുള്ളത്.

മൊബിലൈസേഷൻ അഡ്വാൻസുമായി ബന്ധപ്പെട്ട് എംകെ മുനീറിന്റെ വാദവും എം സ്വരാജ് എംഎൽഎ ഖണ്ഡിച്ചു. പാലാരിവട്ടം പാലത്തിന്റെ പ്രീ ബിഡ് യോഗത്തിൽ മൊബിലൈസേഷൻ അഡ്വാൻസ് ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. ടെണ്ടർ അനുവദിച്ച ശേഷം മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തു. എന്നാൽ ശങ്കരനാരായണൻ തമ്പി ഹാളിന്റെ നിർമ്മാണത്തിന് നിയമപരമായാണ് മൊബിലൈസേഷൻ അഡ്വാൻസ് അനുവദിച്ചത്. 16 കോടി ഡിപിആർ തുകയായിരുന്നു. 1.82 കോടി രൂപ ഊരാളുങ്കൽ സൊസൈറ്റി തിരിച്ചടച്ചു.

സഭ ടിവി എന്തിനാണെന്ന ചോദ്യം പ്രതിപക്ഷ അംഗങ്ങൾ പ്രതിപക്ഷ നേതാവിനോട് ചോദിക്കൂ. അദ്ദേഹത്തിന്റെ മികച്ച അഭിമുഖമാണ് സഭ ടിവിയിൽ വന്നത്. അത് മികച്ചതാണെന്ന് അറിയാവുന്നത് കൊണ്ടാണ് അത് പെട്ടെന്ന് സംപ്രേഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് വിളിച്ചത്. സഭ ടിവിയിലൂടെ ലോകം മുഴുവൻ സഭയുടെ പെരുമയെത്തിക്കാൻ സഹായകരമായില്ലേയെന്ന് ചോദിച്ച സ്വരാജ്, ഫെസ്റ്റിവൽ ഓൺ ഡെമോക്രസിയെ മാതൃകാപരമായാണ് രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും കാണുന്നതെന്നും വാദിച്ചു. ഈ സഭാ കാലത്ത് 21 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. യുഡിഎഫ് നേതൃത്വമാകെ ഫെസ്റ്റിവൽ ഡെമോക്രസിയിൽ വന്ന് പ്രസംഗിച്ചു. ഇപ്പോൾ പുലഭ്യം പറയുന്നു. അഞ്ചാം കൊല്ലം നിക്ഷിപ്ത രാഷ്ട്രീയ താത്പര്യം മുൻനിർത്തി സ്പീക്കർക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി -യുഡിഎഫ് സംയുക്ത പ്രമേയം എന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker