വിനീത് അന്ന് കരഞ്ഞു, ഒന്നുമറിയാത്തത് പോലെ ധ്യാൻ; ചേച്ചി ദേഷ്യത്തിൽ പറഞ്ഞതായിരുന്നു: എം മോഹനൻ
![](https://breakingkerala.com/wp-content/uploads/2025/02/vineeth-sreenivasan-dhyan.webp-780x420.jpg)
കൊച്ചി: കരിയറിലെ തിരക്കുകളിലാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. സഹോദരങ്ങളായ ഇരുവരുടെയും കരിയർ രണ്ട് തരത്തിലാണ് മുന്നോട്ട് പോകുന്നത്. ധ്യാൻ തുടരെ സിനിമകൾ ചെയ്യുന്നു. പല സിനിമകളും പരാജയപ്പെടുന്നുമുണ്ട്. എന്നാൽ വിനീതിന് അധികവും ഹിറ്റുകളാണ്. അതേസമയം ധ്യാനിന്റെ ജനപ്രീതി വളരെയധികമാണ്. അഭിമുഖങ്ങളിലൂടെയാണ് ധ്യാൻ ഏവർക്കും പ്രിയങ്കരനായത്. ധ്യാനിനെക്കുറിച്ചും വിനീതിനെക്കുറിച്ചുമുള്ള ബാല്യകാല ഓർമകൾ പങ്കുവെക്കുകയാണ് ഇവരുടെ അമ്മാവനായ സംവിധായകൻ എം മോഹനൻ. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
ധ്യാനിന്റെ അഭിമുഖങ്ങൾ കുറേയൊക്കെ കാണാറുണ്ട്. പുള്ളി പറയുന്നതൊക്കെ സത്യമാണ്. ഇല്ലാത്തത് പറയാറില്ല. ഉള്ളത് കുറച്ച് ഡ്രമാറ്റിക് ആയി പറയും. ചെറുപ്പത്തിലേ നന്നായി സംസാരിക്കും. പറയാനുള്ള കാര്യങ്ങൾ തുറന്ന് പറയും. തെറ്റ് ചെയ്താൽ മറച്ച് വെച്ച് കളവ് പറയില്ല. കുട്ടിക്കാലത്തെ ഒരു സംഭവവും എം മോഹനൻ ഓർത്തു. ധ്യാൻ അന്ന് സ്കൂളിൽ ചേർന്നിട്ടില്ല. വിനീത് ഭയങ്കര വായനയാണ്. കുട്ടികളുടെ മാസികയൊക്കെ അടുക്കി വെച്ചിട്ടുണ്ടാകും.
ബാലമാസികകൾ ഞാൻ അവർക്ക് വാങ്ങിക്കൊടുക്കും. വിനീത് പുസ്തകങ്ങൾ ആർക്കും കൊടുക്കില്ല. കൊടുത്താൽ തന്നെ കൃത്യസമയത്ത് തിരികെ കൊടുക്കണം. സ്കൂൾ ബസ് വന്ന് ഹോൺ അടിച്ചാലും വിനീത് വരില്ല. മാസികയും വായിച്ച് ഇരിക്കുന്നുണ്ടാകും. ചേച്ചി ടീച്ചറാണ്. ഇവനെ സ്കൂളിൽ അയച്ചിട്ട് വേണം അവർക്ക് പോകാൻ. ധ്യാൻ ചെവി രണ്ടും തുറന്ന് വെച്ചിട്ടുണ്ടാകും. ഈ ചെക്കനെ കൊണ്ട് തോറ്റു, ആ മാസികയെല്ലാം എവിടെയെങ്കിലും കൊണ്ട് പോയി കളയണം എന്ന് ചേച്ചി പറഞ്ഞു. ചേച്ചി ദേഷ്യത്തിനങ്ങ് പറഞ്ഞതാണ്.
ഞാൻ റൂമിൽ നിന്ന് കേൾക്കുന്നുണ്ട്. രാത്രി ഞാൻ വന്ന് നോക്കുമ്പോൾ വിനീത് കരയുന്നു. എന്താണ് മോനെെ കരയുന്നതെന്ന് ചോദിച്ചപ്പോൾ എന്റെ ബാലരമയൊന്നും കാണുന്നില്ലെന്ന് പറഞ്ഞു. ആശാൻ ഒന്നും സംഭവിക്കാത്തത് പോലെ ഇരിക്കുകയാണ്. കാലിൻമേൽ കാൽ വെച്ച് സോഫയിൽ ഇരുന്ന് ടിവി കാണുന്നു. അമ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
തനിക്ക് സംശയം തോന്നിയപ്പോൾ ധ്യാനിനോട് ചോദിച്ചു. മാമ, ഞാനത് കൊണ്ട് കളഞ്ഞു, അമ്മ പറഞ്ഞിരുന്നു ഈ ചെക്കനെയും കൊണ്ട് രക്ഷയില്ല, ഇത് കളയണമെന്ന്. അതുകൊണ്ടാണെന്ന് പറഞ്ഞു. ഒടുവിൽ താൻ പോയി കുഴിയിലിറങ്ങി ആ പുസ്തകങ്ങൾ എടുത്തെന്നും എം മോഹനൻ വ്യക്തമാക്കി. ഒരു ജാതി ജാതകമാണ് എം മോഹനന്റെ പുതിയ സിനിമ. വിനീത് ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ.
കഥ പറയുമ്പോൾ, മാണിക്യകല്ല്, അരവിന്ദന്റെ അതിഥികൾ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് എം മോഹനൻ. കഥ പറയുമ്പോൾ ആണ് ആദ്യ സിനിമ. അതിന് മുമ്പ് സത്യൻ അന്തിക്കാടിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. പുതിയ ചിത്രം ഒരു ജാതി ജാതകം തിയറ്ററിൽ പ്രദർശനം തുടരുകയാണ്. നിഖില വിമൽ, ബാബു ആന്റണി, സയനോര ഫിലിപ്, പൂജ മോഹൻരാജ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.