ആലപ്പുഴ: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് എം. ലിജു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
ആലപ്പുഴയിലെ ഒമ്പത് മണ്ഡലങ്ങളില്‍ എട്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടിരുന്നു. ഹരിപ്പാട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രമാണ് പിടിച്ചു നിന്നത്. അരൂരില്‍ സിറ്റിംഗ് എം.എല്‍.എ ഷാനിമോള്‍ ഉസ്മാനും ചേര്‍ത്തലയില്‍ എസ് ശരത്തും ആലപ്പുഴയില്‍ കെ.എസ് മനോജ് ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെടുകയായിരിന്നു.
ലിജുവിന് പുറമേ കണ്ണൂര്‍, ഇടുക്കി ജില്ലകളിലേയും ഡിസിസി പ്രസിഡന്റുമാര്‍ രാജി സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നു.സതീഷന്‍ പാച്ചേരിയും ഇബ്രാഹീംകുട്ടി കല്ലാറുമാണ് രാജിക്ക് തയറായത്.
അതേസമയം, ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി മണ്ഢലത്തിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന അനില്‍ അക്കര അറിയിച്ചു . താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കെതിരെ വിധി എഴുതി. ഉയര്‍ത്തികൊണ്ടു വന്ന ആരോപണങ്ങളില്‍ നിന്നും പിറകോട്ടില്ല. സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അനില്‍ അക്കര അഭിപ്രായപ്പെട്ടു.