FeaturedKeralaNews

തെങ്ങോളം ഉയരത്തില്‍ നിയന്ത്രണംവിട്ടു,ചതുപ്പില്ലെങ്കില്‍ തീപ്പിടുത്തം,കനത്ത കാറ്റും മഴയും,എം.എ യൂസഫലിയുടെ ഹെലികോപ്ടര്‍ അപകടം ചര്‍ച്ചയാവുമ്പോള്‍

കൊച്ചി:കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എം.എ യൂസഫലി ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ് അപകടം നടന്ന് ഒരു ദിനം കഴിയുമ്പോഴും കേരളത്തിലും പുറത്തും സജീവ ചര്‍ച്ചാ വിഷയം. ‘ഇതുവരെയും ചെയ്തുവന്ന പുണ്യപ്രവര്‍ത്തികള്‍ക്കുള്ള പ്രതിഫലം’- ഇതായിരിക്കണം ഒരുപക്ഷേ സമൂഹമാധ്യമങ്ങളില്‍ ഞായറാഴ്ച മിക്ക മലയാളികളും കുറിക്കുകയും വായിക്കുകയും ചെയ്ത വാക്കുകള്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്നു രക്ഷപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ഭൂരിപക്ഷം പേരുടെയും പ്രതികരണമായിരുന്നു ഇത്. ദൃക്‌സാക്ഷിയുടെ വാക്കുകള്‍ പ്രകാരം, ഒരു തെങ്ങോളം ഉയരത്തില്‍വച്ചാണ് ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ടത്.

ചുറ്റിലും മതിലും കെട്ടിടങ്ങളും സമീപത്ത് റോഡുമുണ്ടായിട്ടും കൃത്യമായി ചതുപ്പുനിലത്തില്‍ ഹെലികോപ്റ്റര്‍ സുരക്ഷിതമായി ഇടിച്ചിറക്കണമെങ്കില്‍ അതിനു വൈദഗ്ധ്യവും അനുഭവസമ്പത്തും കുറച്ചൊന്നുമല്ല വേണ്ടത്. അത്തരമൊരാള്‍തന്നെയായിരുന്നു യൂസഫലിയുടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നതും-മലയാളി വൈമാനികന്‍ അശോക് കുമാര്‍. സഹ പൈലറ്റ് കോട്ടയം പൊന്‍കുന്നം ചിറക്കടവ് സ്വദേശി ശിവകുമാര്‍. എന്നാല്‍ പൈലറ്റിന്റെ വൈദഗ്ധ്യംകൊണ്ടു മാത്രമാണ് അപകടത്തില്‍നിന്നു രക്ഷപെട്ടെതെന്നു പറയാനാവില്ലെന്നും ഈ മേഖലയില്‍നിന്നുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കനത്ത മഴയും കാറ്റുമാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതിന്റെ കാരണവും വ്യക്തമല്ല. ഇത്തരമൊരു അപകടകരമായ സാഹചര്യത്തിലാണ് വൈമാനികന്‍ എന്ന നിലയില്‍ കോട്ടയം കുമരകം സ്വദേശി ക്യാപ്റ്റന്‍ അശോക് കുമാറിന്റെ വൈദഗ്ധ്യം നിര്‍ണായകമായത്. ബെംഗളൂരുവില്‍ സൈനിക സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഇന്ത്യന്‍ നാവികസേനയിലെ 24 വര്‍ഷത്തെ സേവനം നല്‍കിയ അനുഭവ പരിചയവും വലിയൊരു ദുരന്തം ഒഴിവാക്കുന്നതില്‍ സഹായകമായി.

നാവികസേനയില്‍ കപ്പലിന്റെ സിഇഒ ആയിരുന്ന ക്യാപ്റ്റന്‍ അശോക് കുമാര്‍ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. നേവിയില്‍നിന്നു വിരമിച്ച ശേഷം ഒഎസ്എസ് എയര്‍ മാനേജ്‌മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി സേവനം അനുഷ്ഠിച്ച ശേഷമാണ് ലുലു ഗ്രൂപ്പിന്റെ മുഖ്യ പൈലറ്റാകുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പല പ്രമുഖര്‍ക്കു വേണ്ടിയും ഹെലികോപ്റ്ററുകള്‍ പറത്തിയതും അശോക് കുമാറായിരുന്നു.

പറക്കുന്നതിനിടെ ഒരേസമയം രണ്ടു യന്ത്രങ്ങളും നിശ്ചലമാകുന്ന സാഹചര്യത്തിലാണ് ട്വിന്‍ എന്‍ജിന്‍ ഹെലികോപ്റ്ററുകള്‍ക്കു നിയന്ത്രണം നഷ്ടമാകുക. ഒപ്പം കാലാവസ്ഥ മോശമാകുക കൂടി ചെയ്താല്‍ ഭീഷണി ഇരട്ടിയാണ്. ഇവിടെ സംഭവിച്ചത് എന്താണെന്നു വ്യക്തമാകാന്‍ സിവില്‍ ഏവിയേഷന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരേണ്ടതുണ്ട്. വിമാനം മുകളില്‍നിന്നു നിയന്ത്രണം വിട്ടാല്‍ ഓട്ടോ റൊട്ടേഷനിലായിരിക്കും. അതായത് ഹെലികോപ്റ്ററിന്റെ റോട്ടറിനെ അന്തരീക്ഷത്തിലെ കാറ്റായിരിക്കും നിയന്ത്രിക്കുക. ഒരു കുഞ്ഞു കാറ്റില്‍ പോലും പൈലറ്റിനു ലക്ഷ്യസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഇറക്കാനാവില്ലെന്ന ഈ സാഹചര്യത്തിലാണ് അശോക് കുമാറും സഹ പൈലറ്റും ചതുപ്പുനിലത്തിറക്കാനുള്ള വൈദഗ്ധ്യം പ്രകടിപ്പിച്ചത്.

‘ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍…’ ഈ സിനിമാ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു അപകടമെന്ന് സ്ഥലം സന്ദര്‍ശിച്ചവര്‍ക്കും വിഡിയോകള്‍ കണ്ടവര്‍ക്കും ബോധ്യപ്പെടും. കൃത്യം വെള്ളം നിറഞ്ഞ ചതുപ്പിലേക്ക് അല്ലാതെയുള്ള ഏതു വീഴ്ചയും വലിയ തീപിടിത്തത്തിന് ഇടയാക്കുമായിരുന്നു. കമ്പികള്‍ കിടന്നിരുന്ന സ്ഥലത്താണിറങ്ങുന്നതെങ്കിലും തീപിടിക്കും. മതിലിലായിരുന്നെങ്കിലും തീപിടിത്തം ഉറപ്പ്. റോട്ടര്‍ ബ്ലേഡ് മതിലില്‍ ഇടിച്ചാലും അപകടസാധ്യതയേറെ. ഹെലികോപ്റ്ററിനെ എടുത്തു മറിക്കുന്നതിനും കനത്ത അപകടത്തിനും ഇത് ഇടയാക്കുമായിരുന്നു.

യാത്രക്കാര്‍ ഇരിക്കുന്നതിനു തൊട്ടടുത്തുള്ള എന്‍ജിന്‍, പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ധനം ഏറെ ഉയര്‍ന്ന ചൂടിലാണ് കത്തിക്കൊണ്ടിരിക്കുന്നത് എന്നതു കൂടി ഓര്‍ക്കുമ്പോഴാണ് ദുരന്തത്തിന്റെ ആഴം വ്യക്തമാകുകയെന്ന് വിദഗ്ധര്‍ പറയുന്നു. 15 മിനിറ്റു പോലുമില്ലായിരുന്നു രാവിലെ കടവന്ത്ര മുതല്‍ നെട്ടൂര്‍ വരെയുള്ള പറക്കല്‍ ദൈര്‍ഘ്യം. പെട്ടെന്നായിരുന്നു കാലാവസ്ഥ മാറി മഴയും കാറ്റുമുണ്ടായത്. അതുകൊണ്ടുതന്നെ പൈലറ്റിന്റെ പ്രവചനങ്ങള്‍ക്കും അപ്പുറത്തായി കാര്യങ്ങള്‍ എന്നതാണ് അപകടത്തിലേക്കു നയിച്ചതെന്നും പ്രാഥമിക വിലയിരുത്തലുണ്ട്.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ എഡബ്ല്യു 109 എന്ന ഇരട്ട എന്‍ജിന്‍ 6+2 സീറ്റ് ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഇറ്റാലിയന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കപ്പെട്ട ഇതു ഭാരം കുറഞ്ഞ ഹെലികോപ്റ്ററുകളുടെ വിഭാഗത്തില്‍ മള്‍ട്ടി പര്‍പസ് ഹെലികോപ്റ്ററാണ്- ഭാരം 1590 കിലോ. ഇറ്റലിയില്‍ ആദ്യമായി വ്യവസായാടിസ്ഥാനത്തില്‍ വന്‍തോതില്‍ നിര്‍മിക്കപ്പെട്ട ഹെലികോപ്റ്റര്‍കൂടിയാണ് എഡബ്ല്യു109. മണിക്കൂറില്‍ 285 കിലോമീറ്ററാണ് കൂടിയ വേഗം. ഒരു തവണ ഇന്ധനം നിറച്ചു പറന്നു പൊങ്ങിയാല്‍ 932 കിലോമീറ്റര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ള ഇതിന്റെ വില ഏകദേശം 43 കോടി രൂപ വരും.

അപകടത്തില്‍ പെട്ടതോടെ ലുലു ഗ്രൂപ്പിന്റെ ഹെലികോപ്റ്റര്‍ എന്‍ജിനില്‍ ഉള്‍പ്പടെ വെള്ളം കയറിയിട്ടുണ്ടാകും. ഇവിടെയിട്ടു ഭാഗങ്ങളായി വേര്‍പെടുത്തി അടുത്തുള്ള കേന്ദ്രത്തിലെത്തിച്ച് നന്നാക്കാനാകുമെന്നാണു കരുതുന്നത്. അതുകൊണ്ടുതന്നെ ആറുമാസം കൊണ്ട് ഹെലികോപ്റ്റര്‍ തിരികെ പ്രവര്‍ത്തന സജ്ജമാക്കാനാകുമെന്നാണ് ഹെലികോപ്റ്റര്‍ സേവന മേഖലയിലുള്ളവര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button