ദില്ലി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ (Nimisha Priya) മോചനത്തിനായി വ്യവസായി യൂസഫലി (M A Yusuff Ali) കൂടി ഇടപെടുന്നതായി റിട്ടയേഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ചർച്ചകളിലും ദയാധനം സമാഹരിക്കുന്നതിലും യൂസഫലിയുടെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അനൗദ്യോഗിക ചർച്ചകള്‍ തുടരുകയാണ്. ചർച്ചകളെല്ലാം എകോപിപ്പിക്കുന്ന കേന്ദ്ര സർക്കാര്‍ വൈകാതെ ആരൊക്കെ യെമനിലേക്ക് പോകണമെന്നതില്‍ തീരുമാനമെടുക്കും.
ഇന്ത്യയില്‍ നിന്നുള്ള സംഘം യെമനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ചേർന്നാകും മോചനത്തിനായുള്ള ചർച്ചകള്‍ നടത്തുക. നേരത്തെ, നിമിഷ പ്രിയയെ ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ആയിരിക്കും നേതൃത്വം നല്‍കുക എന്ന വിവരം പുറത്ത് വന്നിരുന്നു. യെമൻ പൗരൻ തലാൽ മുഹമ്മദിന്റെ കുടുംബവുമായി ചർച്ച നടത്തി നിമിഷയെ വധശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള ‘സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ ന്റെ ശ്രമങ്ങൾക്കാണ് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നല്‍കുന്നത്.
അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 50 മില്യൺ യെമൻ റിയാൽ (92,000 ഡോളർ) എങ്കിലും ബ്ലഡ്മണിയായി നൽകേണ്ടി വരുമെന്നാണ് അറിയിപ്പ്. 10 മില്യൺ യെമൻ റിയാൽ കോടതി ചെലവും പെനാൽട്ടിയും നൽകണം. യെമനിലേക്ക് പോകാനുള്ള കേന്ദ്രസർക്കാർ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍.
യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മോചന സാധ്യത മങ്ങിയിരുന്നു. മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള ശ്രമത്തിനിടയിലാണ് ഇപ്പോള്‍ പ്രതീക്ഷയുടെ വാര്‍ത്ത പുറത്ത് വരുന്നത്. തലാലിന്‍റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. യെമനിലെ മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
ഇക്കാര്യം അധികൃതര്‍ ജയിലിലെത്തി നിമിഷ പ്രിയയെ അറിയിച്ചു. 50 മില്യണ്‍ യെമന്‍ റിയാല്‍ (ഏകദേശം 70 ലക്ഷം രൂപ) ആദ്യഘട്ടത്തില്‍ തലാലിന്റെ കുടുംബത്തിന് നല്‍കണം. കോടതി ചെലവും പെനാല്‍ട്ടിയുമായി 10 മില്യണ്‍ റിയാല്‍ (ഏകദേശം 14 ലക്ഷം രൂപ) അടയ്ക്കുകയും വേണം. തലാലിന്‍റെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ എത്ര ബ്ലഡ് മണി (ദയാധനം) നല്‍കണമെന്ന് അന്തിമ തീരുമാനമാവൂ. യൂസഫലി കൂടി ഇടപെടുന്നതോടെ നിമിഷ പ്രിയ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്.