CrimeNationalNews

ചാനൽ അവതാരകനോട് പ്രണയം:തട്ടിക്കൊണ്ടുപോകൽ, മർദനം; യുവതി അറസ്റ്റിൽ

ഹൈദരാബാദ്: വിവാഹം കഴിക്കാനായി ടിവി ചാനൽ അവതാരകനായ യുവാവിനെ തട്ടിക്കൊണ്ടുപോയ ബിസിനസുകാരിയായ യുവതി അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി നടത്തുന്ന 31-കാരിയായ തൃഷ്ണ ബോഗി റെഡ്ഡിയാണ് അവതാരകനായ പ്രണവ് സിസ്റ്റലയെ കടത്തിക്കൊണ്ടുപോയത്. യുവതിക്കും കൂട്ടാളികൾക്കുമെതിരെ കേസടുത്തിട്ടുണ്ടെങ്കിലും കൗതുകരമായ കാര്യങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ളത് എന്നാണ് പോലീസ് പറയുന്നത്.

രണ്ട് വർഷം മുമ്പാണ് മാട്രിമോണിയൽ സൈറ്റിലെ ഒരു അക്കൗണ്ട് പ്രൊഫൈലിൽ മ്യൂസിക് ചാനൽ അവതാരകനായ പ്രണവിന്റെ ഫോട്ടോ തൃഷ്ണ കാണുന്നത്. തുടർന്ന് അക്കൗണ്ട് ഉടമയുമായി ചാറ്റും ആരംഭിച്ചു. പിന്നീടാണ് കഥയിലെ വലിയ ട്വിസ്റ്റ്. അക്കൗണ്ട് ഉടമ തന്റെ സ്വന്തം ചിത്രത്തിന് പകരം ചാനൽ അവതാരകനായ പ്രണവിന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആയി ഉപയോ​ഗിക്കുകയായിരുന്നെന്ന് യുവതി തിരിച്ചറിഞ്ഞു.

കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലായെങ്കിലും ഇതുകൊണ്ട് പിന്മാറാൻ തൃഷ്ണ തയ്യാറായില്ല. പ്രണവിനെ പ്രണയിച്ചിട്ടുതന്നെ കാര്യം എന്ന് അവർ ഉറപ്പിച്ചു. പ്രണവിലേക്ക് എങ്ങനെയും എത്തിച്ചേരാനായിരുന്നു പിന്നീട് തൃഷ്ണയുടെ ശ്രമം. ഏറെ വൈകാതെ പ്രണവിന്റെ മൊബൈൽ നമ്പർ കണ്ടെത്തി. പിന്നീട് സമൂഹിക മാധ്യമത്തിലൂടെ പ്രണവിന് സന്ദേശമയച്ചു. പക്ഷെ, അപ്പോഴും നിരാശയായിരുന്നു ഫലം. വിവാഹ മാട്രിമോണിയൽ സൈറ്റുകളിൽ ചിലർ തന്റെ ചിത്രം ഉപയോഗിക്കുന്നുണ്ടെന്നും സൈബർ ക്രൈം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇയാൾ യുവതിയോട് പറഞ്ഞു.

പക്ഷെ, സന്ദേശം അയക്കുന്നത് തൃഷ്ണ തുടർന്നു. ശല്യം രൂക്ഷമായതോടെ യുവതിയുടെ നമ്പർ പ്രണവ് ബ്ലോക്ക് ചെയ്തു. എന്നിട്ടും തൃഷ്ണ പിന്മാറാൻ തയ്യാറായിരുന്നില്ല. കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തി പ്രണവിനെ വിവാഹം കഴിക്കാനായി പിന്നത്തെ ശ്രമം. തുടർന്ന് അതിനുള്ള പദ്ധതികളും അവർ ആവിഷ്കരിച്ചു. യുവാവിനെ തട്ടിക്കൊണ്ടുവരാനായി പണംകൊടുത്ത് നാലുപേരെ തൃഷ ഏർപ്പാടാക്കി. പ്രണവിന്റെ നീക്കങ്ങൾ അറിയാനായി ഇയാളുടെ കാറിൽ രഹസ്യ ട്രാക്കിങ് സംവിധാനവും ഘടിപ്പിച്ചു.

ക്വട്ടേഷൻ ഏറ്റെടുത്ത നാലുപേരും ചേർന്ന് ഫെബ്രുവരി 11-ന് യുവാവിനെ കടത്തി തൃഷ്ണയുടെ ഓഫീസിലെത്തിച്ചു. എന്നാൽ, തൃഷ്ണയുടെ ഇഷ്ടങ്ങൾക്ക് വഴങ്ങാൻ തയ്യാറാകാതിരുന്നതോടെ ഇയാളെ എല്ലാവരുംചേർന്ന് ക്രൂരമായി മർദ്ദിച്ചു. ഗത്യന്തരമില്ലാതെ യുവതിയുടെ ഫോൺ സന്ദേശങ്ങൾക്ക് മറുപടി നൽകാമെന്ന് ഇയാൾക്ക് സമ്മതിക്കേണ്ടിവന്നു.

അവിടെനിന്ന് പുറത്തുകടന്ന യുവാവ് പിന്നീട് ഉപ്പൽ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും മറ്റു നാലുപേരെയും ഫെബ്രുവരി 22-ന് അറസ്റ്റുചെയ്തത്. തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽ വെക്കൽ തുടങ്ങീ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾപ്രാകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker