EntertainmentKeralaNews

‘മോഹൻലാലിനെ ഇഷ്‍ടമാണ്, വെറുക്കാൻ ഇതുവരെ കാരണങ്ങൾ ഉണ്ടായിട്ടില്ല, ലാലിനുള്ള പിറന്നാൾ സമ്മാനം ഇത്’; ശ്രീനിവാസൻ

കൊച്ചി:ഓരോ സിനിമകളും നമ്മൾ ഓർക്കാറുള്ളത് പല കാരണങ്ങൾ കൊണ്ടാകും. ചില സീനുകൾ എന്നും എവർഗ്രീനായി മാറുന്നത്… പണ്ട് ജഗതി ശ്രീകുമാർ പറഞ്ഞത് പോലെ അഭിനേതാളുടെ കൊടുക്കൽ വാങ്ങലിലൂടെയാണ്. എഴുത്തുകാരന്റെ സ്ക്രിപ്റ്റിനും അപ്പുറം സംവിധായകന്റെ ഭാവനയ്ക്ക് മുകളിലോ പെർഫോം ചെയ്യുമ്പോൾ മാത്രം ചില മനോഹര കോമ്പോകൾ പിറവിയെടുക്കുകയും ചെയ്യും.

അത്തരത്തിൽ എല്ലാക്കാലവും എവർ​ഗ്രീനായി നിൽക്കുന്നൊരു കോമ്പോയാണ് മോഹൻലാൽ-ശ്രീനിവാസൻ കോമ്പോ. നാടോടിക്കാറ്റ്, പട്ടണപ്രവേശം, മിഥുനം, ഉദയനാണ് താരം, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങി ശ്രീനിവാസൻ-മോഹൻലാൽ കോമ്പോയിൽ പിറവികൊണ്ട നിരവധി സിനിമകളുണ്ട് മലയാളികൾക്ക് എല്ലാ കാലവും ആസ്വദിക്കാൻ.

പശുവിനെ വാങ്ങി നടന്ന് വരുന്ന ദാസനും വിജയനും പാലിൽ വെള്ളം ചേർക്കുന്നതും, അത് പിടിക്കപ്പെടുന്നതും എംഡിയുടെ കാറിന്റെ കാറ്റ് അഴിച്ച് വിടുന്നതും എംഡി പുറത്താകുമ്പോൾ മുദ്രാവാക്യം മുഴക്കുന്നതുമൊക്കെയുള്ള സീനുകൾ എവർഗ്രീനായി മാറാൻ മോഹൻലാൽ-ശ്രീനിവാസൻ കോമ്പിനേഷൻ സഹായിച്ചിട്ടുണ്ട്.

മോഹൻലാലിനെ മോഹൻലാലാക്കിയതും ഇന്ന് കാണുന്ന ജനപ്രീതിക്ക് അടിത്തറ പാകിയതും അദ്ദേഹം എൺപതുകളിലും തൊണ്ണൂറുകളിലും അവതരിപ്പിച്ച ബോയ് നെക്സ്റ്റ് ഡോർ കഥാപാത്രങ്ങളാണെന്നാണ് അല്ലെങ്കിൽ അത്തരം കഥാപാത്രങ്ങൾ മർമ്മമായ സിനിമകളാണ് എന്നാണ് സിനിമാപ്രേമികൾ പറയാറുള്ളത്. അവയിൽ മിക്കതും ശ്രീനിവാസൻ എഴുതിയതാണ്.

ഇന്നത്തെ സിനിമാ ആസ്വാദക സമൂഹത്തിന്റെ വലിയൊരു വിഭാഗം ഇവരുടെ സിനിമകൾ കണ്ട് വളർന്നവരാണ്. അത് കണ്ട് ചിരിച്ചവരാണ്…. കരഞ്ഞവരാണ്…. ഇരുവരും ഒരുമിച്ചുള്ള സിനിമകൾ നിരവധി കാണാൻ സാധിക്കണമേയെന്നത് ഏതൊരു സിനിമാ പ്രേമിയുടേയും ആ​ഗ്രഹമാണ്.

ഇപ്പോഴിത മൂവി വേൾ‌ഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തോടുള്ള സ്നേഹത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിനെ ഇഷ്‍ടമാണെന്നും വെറുക്കാൻ ഇതുവരെ കാരണങ്ങൾ ഉണ്ടായിട്ടില്ലെന്നുമാണ് ശ്രീനിവാസൻ പറയുന്നത്.

തനിക്ക് ഇനിയും മോഹൻലാലിനൊപ്പം സിനിമകൾ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്നും ശ്രീനിവാസൻ പറയുന്നു. മോഹൻലാലുമൊത്തൊരു ചിത്രത്തിന് ആ​ഗ്രഹമുണ്ട്. മോഹൻലാലിനെ ഇഷ്ടമാണ്. വെറുക്കാൻ ഇതുവരെ കാരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

Sreenivasan, Mohanlal

മോഹൻലാലിന്റെ കൂടെ സിനിമകൾ ചെയ്യുമ്പോൾ സ്ക്രിപ്റ്റ് വായിച്ചിട്ട് അഭിപ്രായം പറയാറുണ്ട്. അത് സിനിമയ്ക്ക് ഉപകാരപ്പെടാറുമുണ്ട്. ഞങ്ങൾ തമ്മിലുള്ള സിനിമയ്ക്ക് വേണ്ടി എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രിയദർശന് ആ​ഗ്രഹമുണ്ട്. സത്യൻ അന്തിക്കാടിന് എപ്പോഴും അതാണ് ഇഷ്ടം. പക്ഷെ പ്ലാൻ ഒന്നും ഇട്ടിട്ടില്ല. പ്രിയന് ഒരു പ്ലാനുണ്ട്. വിനീതിന് വളരെ ആ​ഗ്രഹമുണ്ട്. ചിലപ്പോൾ അതായിരിക്കാം ആദ്യം നടക്കുന്നത്. ശ്രീനിവാസൻ വിശദമാക്കി.

ഒപ്പം ഇന്ന് അറുപത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുന്ന പ്രിയ സുഹൃത്ത് മോഹൻലാലിന് ആശംസകൾ നേരുകയും ചെയ്തു ശ്രീനിവാസൻ. മോഹൻലാലുമൊത്തുള്ള കൂട്ടായ്മയിൽ വരുന്ന സിനിമ വലിയ വിജയമാകട്ടെയെന്നും ചിത്രത്തിന്റെ വിജയമാണ് മോഹൻലാലിന് നൽകുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമെന്നും ശ്രീനിവാസൻ പറഞ്ഞു.

ഞങ്ങളുടെ കൂ‍ട്ടായ്മയിൽ വരാൻ പോകുന്ന ചിത്രം വലിയ വിജയമായി തീരട്ടെ. ആ വിജയമായിരിക്കട്ടെ ലാലിന് നൽകുന്ന പിറന്നാൾ സമ്മാനം ശ്രീനിവാസൻ പറഞ്ഞു. അടുത്തിടെ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ നടത്തിയ വെളിപ്പെടുത്തലുകൾ വൈറലായിരുന്നു. മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിന്‍റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നുമാണ് കുറച്ച് നാളുകൾക്ക് മുമ്പ് ശ്രീനിവാസന്‍ പറഞ്ഞത്.

മരിക്കും മുമ്പ് എല്ലാം തുറന്ന് എഴുതുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ മോഹന്‍ലാല്‍ ശ്രീനിവാസനെ ചുംബിക്കുന്നതായ സംഭവം ഓര്‍ത്തെടുത്ത ശ്രീനിവാസന്‍ മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്ടര്‍ ആണെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button