FeaturedNationalNews

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടി, ആരാധനാലയങ്ങളും മാളുകളും ഉടൻ തുറക്കും, വൻ ഇളവുകൾ

ഡല്‍ഹി:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ തീവ്രരോഗബാധിത മേഖലകളായ കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രം ജൂണ്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കണ്ടെയ്ന്‍മെന്റ് സോണുകളാല്ലാത്ത് പ്രദേശങ്ങളില്‍ ജൂണ്‍ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു.

ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ 8 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത ഇടങ്ങളില്‍ മാത്രമാണ് ഈ ഇളവുകളുണ്ടാകുക. ആദ്യഘട്ടത്തിലാണ് ഈ ഇളവുകളുണ്ടാകുക

രണ്ടാംഘട്ടത്തില്‍ സ്‌കൂളുകള്‍ അടക്കം സംസ്ഥാനങ്ങളോട് ആലോചിച്ച് തുറക്കും. ജൂലൈ മാസത്തോടെ സ്‌കൂളുകളും കോളേജുകളും തുറന്നേക്കും. അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ കാര്യത്തില്‍ പിന്നീട് തീരുമാനം വരും. ഇപ്പോള്‍ തീരുമാനമായിട്ടില്ല

നൈറ്റ് കര്‍ഫ്യൂ നിലവില്‍ രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെയാക്കി ഇളവ് നല്‍കി. നിലവില്‍ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയായിരുന്നു നൈറ്റ് കര്‍ഫ്യൂ.

അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് ഇനി നിയന്ത്രങ്ങളില്ലെന്നാണ് പുതിയ മാര്‍ഗരേഖയിലുള്ളത് എന്നത് ഏറ്റവും ശ്രദ്ധേയമായത്. തിങ്കളാഴ്ച മുതല്‍ പ്രത്യേക പാസ്സ് വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകണം എന്ന ചട്ടം ഇല്ലാതാകുന്നു. പക്ഷേ, തീവണ്ടികളിലും, വിമാനങ്ങളിലും യാത്ര ചെയ്യേണ്ടതിന് പാസ്സ് വേണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നു. സ്വകാര്യവാഹനങ്ങളില്‍ പാസ്സില്ലാതെ അന്തര്‍സംസ്ഥാനയാത്രകള്‍ നടത്താം. പക്ഷേ പൊതുഗതാഗതത്തില്‍ പാസ്സുകളോടെ മാത്രമേ യാത്ര ചെയ്യാനാകൂ.

ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് ശേഷം മാത്രമേ, അന്താരാഷ്ട്ര വിമാനയാത്രകളും, മെട്രോ യാത്രകളും ഉണ്ടാകൂ എന്നാണ് മാര്‍ഗരേഖ വ്യക്തമാക്കുന്നത്. അതേസമയം, വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങുകളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് തുടരും.

ഘട്ടംഘട്ടമായി ലോക്ക്ഡൗണില്‍ നിന്ന് പുറത്തേക്ക് വരികയാണ് കേന്ദ്രസര്‍ക്കാര്‍. ഇത് ഒരു ‘എക്‌സിറ്റ് പ്ലാന്‍’ ആയിത്തന്നെ കണക്കാക്കാം. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിന്‍വലിക്കുന്നില്ല. ഓരോ നിയന്ത്രണങ്ങളും ആലോചിച്ച് മാത്രം പിന്‍വലിക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ‘വൈറസിനൊപ്പം ജീവിക്കുക’ എന്ന നയത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ വരുന്നു. സാമൂഹിക അകലം പാലിച്ച്, നിയമങ്ങള്‍ പാലിച്ച്, മാസ്‌ക് ധരിച്ച് സാധാരണ ജീവിതം തുടരാമെന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

രാജ്യത്തെ ആകെ കേസുകളുടെ എണ്ണത്തില്‍ എഴുപത് ശതമാനവും ഏതാണ്ട് 15 നഗരങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഗുരുതരമായി രോഗം ബാധിക്കപ്പെട്ട തീവ്രബാധിതമേഖലകളില്‍ മാത്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബാക്കിയെല്ലാ ഇടങ്ങളിലും പൊതുജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമാണ് പുതിയ മാര്‍ഗരേഖയിലുള്ളത്

അതേസമയം, കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തണമെങ്കില്‍ അത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഏര്‍പ്പെടുത്താം. പക്ഷേ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നതിന് പുറമേയുള്ള, ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാനാകില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker