CrimeKeralaNews

ഗോവന്‍ ടൂര്‍ കഴിഞ്ഞ മടങ്ങുമ്പോള്‍ മദ്യക്കടത്ത്; 50 കുപ്പികളുമായി കോളേജ് പ്രിന്‍സിപ്പലടക്കം 4 പേര്‍ പിടിയില്‍

എറണാകുളം: ഗോവന്‍ ടൂര്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ടൂറിസ്റ്റ് ബസില്‍ നിന്ന് മദ്യം പിടികൂടിയതായി എക്‌സൈസ്. സംഭവത്തില്‍ ടിടിസി പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ടിടിസി വിദ്യാര്‍ഥികളും അധ്യാപകരും ഗോവയില്‍ ടൂര്‍ പോയി മടങ്ങി വന്ന ബസിന്റെ ലഗേജ് അറയില്‍ നിന്നുമാണ് മദ്യം കണ്ടെത്തിയത്.

സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ബാഗുകളില്‍ സൂക്ഷിച്ച നിലയില്‍ 50 കുപ്പി (31.85 ലിറ്റര്‍) ഗോവന്‍ മദ്യമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് എക്‌സൈസ് അറിയിച്ചു.

സംസ്ഥാന എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യ വിവരം എറണാകുളം ഡിവിഷനിലേക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് എറണാകുളം സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു വാഹന പരിശോധന.

കേരള അബ്കാരി നിയമം 58-ാം വകുപ്പ് പ്രകാരം കേരളത്തില്‍ വില്പന അനുമതി ഇല്ലാത്ത മദ്യം സൂക്ഷിക്കുന്നത്, പത്ത് വര്‍ഷം വരെ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന, ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണെന്ന് എക്‌സൈസ് പറഞ്ഞു. എറണാകുളം സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍ പുഷ്പാംഗതന്‍, ഇഷാല്‍ അഹമ്മദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രഞ്ജിനി, ഡ്രൈവര്‍ ദീപക് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

കൊല്ലത്ത് മദ്യത്തിന് പകരം കോള നല്‍കി മദ്യപാനികളെ പറ്റിച്ചയാള്‍ പിടിയില്‍. മദ്യക്കുപ്പിയില്‍ കോള നിറച്ച് നല്‍കിയായിരുന്നു തട്ടിപ്പ്. ചങ്ങന്‍കുളങ്ങര സ്വദേശി സതീഷ് കുമാര്‍ എന്നയാളാണ് പിടിയിലായത്. രാത്രിയിലും തിരക്കേറിയ മറ്റ് സമയങ്ങളിലും വിദഗ്ധമായാണ് മദ്യപാനികളെ ഇയാള്‍ പറ്റിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റിലും ബാറിലുമെല്ലാം മദ്യം വാങ്ങാന്‍ വരുന്നവരായിരുന്നു സതീഷിന്റെ ലക്ഷ്യം. തന്റെ കയ്യില്‍ മദ്യമുണ്ടെന്നും വില കുറച്ച് നല്‍കാമെന്നും പറഞ്ഞ് ഇയാള്‍ ആളുകളെ സമീപിക്കും. ശേഷം കോള നിറച്ച കുപ്പി കൊടുക്കുകയാണ് രീതി. 

ബിവറേജസ് ഔട്ട്‌ലെറ്റില്‍ വലിയ തിരക്കുള്ള സമയത്തും രാത്രി ഔട്ട്‌ലെറ്റ് അടയ്ക്കാറായ സമയത്തുമൊക്കെയായി ഇയാള്‍ ഇത്തരത്തില്‍ നിരവധിപ്പേരെ പറ്റിച്ചിരുന്നതായാണ് വിവരം. മദ്യം വാങ്ങിയവര്‍ അത് കൊണ്ടുപോയി കുടിച്ചു നോക്കുമ്പോള്‍ മാത്രമാണ് പറ്റിക്കപ്പെട്ട വിവരം അറിയുക. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട ആളുകളുടെ നിരവധി പരാതികള്‍ ബിവറേജസ് ഔട്ട്‌ലെറ്റ് മാനേജര്‍ക്ക് ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് പിന്നെയും ആളുകളെ പറ്റിക്കാന്‍ നില്‍ക്കുന്ന സമയത്ത് ഇയാളെ നാട്ടുകാരും ബിവറേജസ് ഔട്ട്‌ലെറ്റിലെ ജീവനക്കാരും കൂടി പിടികൂടുകയായിരുന്നു. ആരും പരാതി നല്‍കാത്തതിനാല്‍ പ്രതിയെ പിന്നീട് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker