മദ്യ വിതരണം: ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍,ഉപയോക്താക്കള്‍ക്ക് എപ്പോള്‍ ലഭ്യമാകും,വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തില്‍ മദ്യ വിതരണത്തിനായി സ്റ്റാര്‍ട്ടപ് കമ്പനി വികസിപ്പിച്ച മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ സമര്‍പ്പിച്ചു. പ്ലേ സ്റ്റോറിന്റെ പരിശോധനകള്‍ക്ക് ശേഷം 24 മണിക്കൂറിനുള്ളില്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായേക്കും. തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയും.
വ്യാഴാഴ്ച മുതല്‍ ആപ്പ് ഉപയോഗിച്ച് മദ്യവിതരണം ആരംഭിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. സാങ്കേതിക തടസം ഉണ്ടായാല്‍ മാത്രമേ വില്പന നീണ്ടു പോവുകയുള്ളൂ. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങളിലും ബാര്‍ കൗണ്ടറുകളിലും മദ്യം വാങ്ങാനുള്ള ടോക്കണ്‍ ഈ മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. മദ്യം വാങ്ങാന്‍ എത്തേണ്ട സമയവും കൃത്യമായി ഈ ടോക്കണില്‍ ഉണ്ടാവും. ഈ സമയത്ത് പോയാല്‍ മദ്യം വാങ്ങി വരനാവും. എല്ലായിടത്തും ഒരേ വിലയായിരിക്കും ഈടാക്കുക. ബെവ്‌കോ കേന്ദ്രങ്ങളില്‍ ഏറെ തിരക്കില്ലെങ്കില്‍ ബാര്‍ കൗണ്ടറുകള്‍ തുറക്കുമെന്നാണ് സൂചന.
രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാകും വിതരണം. വെര്‍ച്വല്‍ ക്യൂ വഴി മദ്യം വിതരണം ചെയ്യാന്‍ ഇന്നലെ വൈകിട്ടുവരെ 511 ബാറുകളും 222 ബീയര്‍, വൈന്‍ പാര്‍ലറുകളും സര്‍ക്കാരിനെ താല്‍പര്യം അറിയിച്ചിരുന്നു. നേരത്തെ ബെവ്‌കോ രാത്രി 9 വരെ പ്രവര്‍ത്തിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യവിതരണത്തിന്റെ നടത്തിപ്പും പ്രവര്‍ത്തനവും ബെവ്‌കോ മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കും. ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും മാര്‍ഗരേഖയും അദ്ദേഹം തന്നെ തയ്യാറാക്കും.
ബുധനാഴ്ച മുതല്‍ മദ്യം ഓണ്‍ലൈനായി വിതരണം ചെയ്ത് തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് തീയതി ശനിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പുതിയ വിവരം പ്രകാരം വില്പന നേരത്തെ തീരുമാനിച്ചതില്‍ നിന്ന് ഒരു ദിവസം മാത്രം വൈകി ആരംഭിക്കാനാവും.