
ന്യൂഡൽഹി: മദ്യനയം ഡൽഹി സർക്കാരിന് 2,002.68 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ചൊവ്വാഴ്ച ഡൽഹി നിയമസഭയിൽ അവതരിപ്പിച്ച സിഎജി റിപ്പോർട്ടിലാണ് മദ്യനയത്തിൽ ആംആദ്മി സർക്കാരിനുണ്ടായ വീഴ്ചകൾ ബിജെപി സർക്കാർ ചൂണ്ടിക്കാണിച്ചത്.
നിയമസഭയിലെ വൻ പ്രതിപക്ഷ ബഹളത്തിനിടയിലാണ് മുഖ്യമന്ത്രി രേഖാ ഗുപ്ത സിഎജി റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചത്. ലൈസൻസ് നൽകുന്ന പ്രക്രിയയിൽ നിയമ ലംഘനങ്ങൾ നടന്നതായും നയം രൂപീകരിക്കുന്നതിനുള്ള മാറ്റങ്ങൾ നിർദ്ദേശിക്കാൻ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ അന്നത്തെ ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായിരുന്ന മനീഷ് സിസോദിയ അവഗണിച്ചതായും സിഎജി റിപ്പോർട്ടിൽ പറയുന്നു.
മദ്യശാലകൾ തുറക്കുന്നതിന് സമയബന്ധിതമായി അനുമതി ലഭിക്കാത്തതിനാൽ ഇപ്പോൾ റദ്ദാക്കിയ മദ്യനയം 941.53 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി. ലൈസൻസ് ഫീസ് ഇനത്തിൽ എക്സൈസ് വകുപ്പിന് ഏകദേശം 890.15 കോടി രൂപയുടെ നഷ്ടമുണ്ടായി. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ലൈസൻസികൾക്ക് ക്രമരഹിതമായ ഇളവുകൾ നൽകിയതുവഴി 144 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി. സോണൽ ലൈസൻസികളിൽ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് കൃത്യമായി ശേഖരിക്കാത്തത് 27 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒന്നിലധികം ലൈസൻസുകൾ നൽകുന്നത് നിരോധിക്കുന്ന 2010 ലെ ഡൽഹി എക്സൈസ് നിയമങ്ങളിലെ ചട്ടം 35 ശരിയായ രീതിയിൽ നടപ്പിലാക്കാൻ കെജ്‌രിവാള്‍ സർക്കാരിന് കഴിഞ്ഞില്ല. എക്സൈസ് നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച ആവശ്യകതകൾ പരിശോധിക്കാതെ ലെസൻസുകൾ നൽകി തുടങ്ങിയ ഗുരുതര ആരോപണങ്ങളും റിപ്പോർട്ടിലുണ്ട്.
മുൻ മുഖ്യമന്ത്രിയും എഎപി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിങ് തുടങ്ങി എഎപിയുടെ മുൻ നിര നേതാക്കളുടെ അറസ്റ്റിലേക്ക് നയിച്ച മദ്യനയ കുംഭകോണം എഎപിക്ക് ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ എഎപിയുടെ പ്രമുഖനേതാക്കൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നീണ്ട 27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് വീണ്ടും ബിജെപി അധികാരത്തിലെത്തി.