തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെ അഴിമതിക്കഥകള്‍ വേട്ടയാടുമ്പോള്‍ ലൈഫ് മിഷനില്‍ ഇതുവരെ പണിതത് രണ്ടരലക്ഷം വീടുകളെന്ന് കണക്കുകള്‍. ഭവന രഹിതരായ ഏറ്റവും അര്‍ഹരായ ആളുകള്‍ക്ക് വീട് എന്ന തങ്ങളുടെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാനാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. രണ്ടര ലക്ഷത്തോളം പേര്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമായ കാര്യമാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഭവന പദ്ധതികള്‍ പൂര്‍ത്തീകരിക്കുക എന്ന ദൗത്യമാണ് ലൈഫ് മിഷന്‍ ഏറ്റെടുത്തത്. രണ്ടാംഘട്ടത്തില്‍ പുതിയ വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. മൂന്നാംഘട്ടത്തില്‍ സമുച്ചയ നിര്‍മ്മാണമാണ് ഏറ്റെടുത്തത്. 2,50,547 വീടുകള്‍ ഇതുവരെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇപ്പോഴും പ്രക്രിയ നടക്കുകയാണ്.
ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചത് 52607 വീടുകളാണ്. രണ്ടാം ഘട്ടത്തില്‍ 87697 വീടുകള്‍ പൂര്‍ത്തീകരിച്ചു. ഇതിനു പുറമെ പി. എം. എ. വൈ അര്‍ബന്‍, റൂറല്‍, ഫിഷറീസ്, എസ്. സി, എസ്. ടി വകുപ്പുകളുടെയും ഭവന പദ്ധതികളില്‍ വീടുകള്‍ നിര്‍മിച്ചു. മൂന്നാം ഘട്ടത്തില്‍ ഭൂരഹിതഭവനരഹിതര്‍ക്ക് ഭവനസമുച്ചയങ്ങളാണ് നിര്‍മ്മിക്കുന്നത്. ഭവനസമുച്ചയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു.
നഗരങ്ങളില്‍ പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ പദ്ധതിയുമായി ചേര്‍ന്നാണ് വീട് നിര്‍മ്മിക്കുന്നത്. രണ്ടരലക്ഷത്തിലേറെ വീടുകള്‍ അതിലേറെ പുഞ്ചിരികള്‍ എന്ന ടാഗ് ലൈനിലാണ് ലൈഫ് മിഷന്‍ പ്രവര്‍ത്തിക്കുന്നത്.