NationalNewsNews

കേന്ദ്രമന്ത്രിക്കും മകനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് ; കത്തയച്ചത് ദിഷ സാലിയന്റെ മാതാപിതാക്കൾ

ഡൽഹി: കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്കും, മകൻ എം‌എൽ‌എ നിതേഷ് റാണെയ്ക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മാതാപിതാക്കളാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചത്. തങ്ങൾക്ക് നീതി ലഭിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ, ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് ദിഷയുടെ മാതാപിതാക്കൾ രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു. അല്ലാത്തപക്ഷം, ജീവിതം അവസാനിപ്പിക്കുകയല്ലാതെ തങ്ങൾക്ക് മറ്റ് മാർഗമില്ലെന്നും അവർ വ്യക്തമാക്കി.

‘മകളുടെ മരണവും അതിനുശേഷം റാണെയും മറ്റുള്ളവരും പ്രചരിപ്പിച്ച അസത്യവും കാരണം ഞങ്ങളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടും കേന്ദ്രമന്ത്രി റാണെയും അദ്ദേഹത്തിന്റെ മകനും ഞങ്ങളുടെ പേരിനെ അപകീർത്തിപ്പെടുത്തുന്നത് നിർത്തിയിട്ടില്ല. അന്തസ്സോടെ ജീവിക്കാനുള്ള ഞങ്ങളുടെ മൗലികാവകാശത്തേക്കാളും സ്വകാര്യതയ്ക്കുള്ള അവകാശത്തേക്കാളും പ്രധാനമായത് നുണ പ്രചരിപ്പിക്കാനുള്ള അവരുടെ അവകാശമായതിനാൽ ഞങ്ങൾ ജീവിച്ചിരിക്കുന്നതുവരെ ഞങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് തോന്നുന്നു,’ ദിഷയുടെ മാതാപിതാക്കളായ വാസന്തി സാലിയനും സതീഷ് സാലിയനും.

ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നാരായൺ റാണെയും, മകനും എംഎൽഎയുമായ നിതേഷ് റാണെയും മാർച്ച് ആറിന് മുംബൈ പോലീസിന് മുന്നിൽ ഹാജരായിരുന്നു. അന്തരിച്ച ദിഷ സാലിയനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പിതാവിന്റെ ആരോപണത്തെത്തുടർന്ന്, ഫെബ്രുവരി 27ന് നാരായൺ റാണെയ്ക്കും നിതേഷ് റാണെയ്ക്കുമെതിരെ കേസെടുത്തിരുന്നു. അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിനെക്കുറിച്ച് പ്രസ്താവനകൾ നടത്തുന്നതിനിടെ തന്റെ മകളെ അപകീർത്തിപ്പെടുത്തിയെന്നാണ് ദിഷയുടെ മാതാപിതാക്കളുടെ ആരോപണം.

2020 ജൂൺ 8 നാണ് ദിഷ സാലിയൻ മരിച്ചത്. തുടർന്ന്, കുറച്ച് ദിവസങ്ങൾക്ക് ശേഷം ജൂൺ 14ന് നടൻ സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker