നെല്ലിയാമ്പതിയിൽ പുലി കിണറ്റിൽ വീണു; 7 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു

നെല്ലിയാമ്പതി: നെല്ലിയാമ്പതി പുലയമ്പാറയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണു. ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ വനപാലകർ പുറത്തെത്തിച്ചത്. പുലയമ്പാറയിൽ ജോസിന്റെ വീട്ടിലെ കിണറ്റിൽ ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു പുലിയെ കണ്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകൾ കിണറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോർ പ്രവർത്തിപ്പിച്ചെങ്കിലും വെള്ളം വരാത്തതിനെത്തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിച്ചു.
കിണറിൽ വെള്ളമുണ്ടായിരുന്നതിനാൻ, പുലിക്കു പിടിച്ചുനിൽക്കുന്നതിനായി ഏണി വെച്ചുകൊടുക്കാൻ ശ്രമിച്ചെങ്കിലും താഴ്ച കൂടുതലുള്ളതിനാൽ വിജയിച്ചില്ല. പിന്നീട് വനപാലകരുടെ നേതൃത്വത്തിൽ ടയറിൽ കയർ കെട്ടി ഇറക്കുകയായിരുന്നു. ഇതിൽ പുലി പിടിച്ചുനിന്നു.
തൃശ്ശൂരിൽനിന്ന് വൈറ്ററിനറി സർജനെ എത്തിച്ച് കൂടുപയോഗിച്ച് പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമവും നടത്തി. മയക്കുവെടി വെയ്ക്കാനാവാത്തതിനാൽ കൂട് കിണറ്റിലേക്കിറക്കിയാണ് രാത്രി 12.20-ഓടെ പുലിയെ പുറത്തെത്തിച്ചത്. പുലിയെ കൈകാട്ടിയിലെ സെക്ഷൻ ഓഫീസിലേക്ക് മാറ്റി. ഡോ. ഡേവിഡ് എബ്രഹാം ഇവിടെയെത്തി പുലിയെ പരിശോധിച്ചു. ആരോഗ്യപ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുലിയെ കൂടുപയോഗിച്ച് പുറത്തെത്തിച്ച് നെല്ലിയാമ്പതി വനമേഖലയ്ക്കു പുറത്തു കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ സ്ഥലത്ത് ഏറെനേരം പ്രതിഷേധിച്ചു.
നെല്ലിയാമ്പതി വനമേഖലയ്ക്കു താഴെനിന്നു പിടികൂടുന്ന വന്യജീവികളെ ഇവിടെ കൊണ്ടുവിടുകയാണെന്നും ഇവയാണ് ജനവാസമേഖലയിൽ എത്തുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു. രാത്രി പതിനൊന്നോടുകൂടി കെ. ബാബു എം.എൽ.എ. സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ചു.