ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച നടത്താന്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുപാര്‍ട്ടികള്‍. സി.പി.എം, സി.പി.ഐ, സി.പി.ഐ.എം.എല്‍, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നത്.
ഇക്കാര്യം വ്യക്തമാക്കി ഇടതുപാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. കര്‍ഷക ദ്രോഹകരമായ നിയമവും, ഇലക്ട്രിസിറ്റ് ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന് ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ രാജ്യത്തെ മറ്റു പാര്‍ട്ടികളോട് ഇടതുപാര്‍ട്ടികള്‍ അഭ്യര്‍ത്ഥിച്ചു. അന്നദാതാക്കളായ കര്‍ഷകര്‍ക്കെതിരെ ആര്‍എസ്എസും ബിജെപിയും നടത്തുന്ന ഹീന പ്രചാരണങ്ങളെ ഇടതുപാര്‍ട്ടികള്‍ അപലപിച്ചു.
അതേസമയം ഭാരത ബന്ദ് കേരളത്തില്‍ ഉണ്ടാകില്ല. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാലാണിത്. ബന്ദിന് പകരം മറ്റ് സമരമാര്‍ഗങ്ങള്‍ ആലോചിക്കുമെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കേണ്ടി വരുമെന്നും മറ്റു മാര്‍ഗങ്ങളുമായി കര്‍ഷക കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയും പറഞ്ഞു.
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി അഞ്ചു ജില്ലകളില്‍ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഭാരത ബന്ദ് നടത്തുന്നത് ബുദ്ധിമുട്ടാകുന്നത് പരിഗണിച്ചാണ് പുതിയ സമരമാര്‍ഗങ്ങള്‍ തേടുന്നത്.