KeralaNews

ചങ്ങനാശേരി നഗരസഭയുടെ ഭരണം പിടിച്ച് എല്‍ഡിഎഫ്; ബീനാ ജോബി ചെയര്‍പേഴ്‌സണ്‍

കോട്ടയം: ചങ്ങനാശേരിയില്‍ നഗരസഭയില്‍ ഭരണം പിടിച്ച് എല്‍ഡിഎഫ്. കൂറുമാറിയെത്തിയ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. സ്വതന്ത്ര അംഗം ബീന ജോബിയെ ചങ്ങനാശേരി നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തു. നേരത്തെ യുഡിഎഫിനൊപ്പം നിന്ന ബീന ജോബി എല്‍ഡിഎഫ് പക്ഷത്തേക്ക് വരികയായിരുന്നു.

കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങളും യുഡിഎഫ് മുന്നണി വിട്ട് എല്‍ഡിഎഫിന് വോട്ടു ചെയ്തിരുന്നു. കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, രാജു ചാക്കോ എന്നിവരാണ് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫിന്റെ വോട്ട് അവിശ്വാസം അസാധുവായിരുന്നു.

കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി – യുഡിഎഫ് കൂട്ടുകെട്ട്. പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ യുഡിഎഫ് സ്ഥാനാർഥിക്കും വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ ബിജെപി സ്ഥാനാർഥിക്കും വോട്ട് ചെയ്തു. ഇതോടെ യുഡിഎഫിലെ (കേരള കോൺഗ്രസ് പിജെ ജോസഫ്) തോമസ് മാളിയേക്കൽ പഞ്ചായത്ത് പ്രസിഡന്റായി. ബിജെപിയുടെ രശ്മി രാജേഷിനാണ് വൈസ് പ്രസിഡൻ്റ് സ്ഥാനം. യുഡിഎഫ് – ബിജെപി കൂട്ടുകെട്ട് ഉണ്ടായതോടെ കിടങ്ങൂരിൽ എൽഡിഎഫിന് ഭരണം നഷ്ടമായി.

കിടങ്ങൂർ പഞ്ചായത്തിൽ സിപിഎമ്മിനും കേരള കോൺഗ്രസ്‌ എമ്മിനും ഏഴും ബിജെപിക്ക് അഞ്ചും യുഡിഎഫിൽ കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗത്തിന് മൂന്നും എന്നതാണ് കക്ഷിനില. ഇന്ന് രാവിലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അഞ്ച് ബിജെപി അംഗങ്ങൾ യുഡിഎഫ് സ്ഥാനാർഥി തോമസ് മാളിയേക്കലിന് വോട്ടു ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് നടന്ന വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ മൂന്ന് അംഗങ്ങൾ ബിജെപി സ്ഥാനാർഥി രശ്മി രാജേഷിനും വോട്ടു ചെയ്തു. ഇതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.

എൽഡിഎഫിലെ ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കേരള കോൺഗ്രസ് എമ്മിലെ ബോബി മാത്യു രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ആദ്യ രണ്ടരവർഷം കേരള കോൺഗ്രസ് എമ്മിനും അടുത്ത രണ്ടരവർഷം സിപിഎമ്മിനും പ്രസിഡൻ്റ് സ്ഥാനം ലഭിക്കുന്ന രീതിയിലായിരുന്നു എൽഡിഎഫ് ധാരണ. ഇതുപ്രകാരമാണ് കേരള കോൺഗ്രസ് എം അംഗം പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചത്.

കിടങ്ങൂരിലെ യുഡിഎഫ് – ബിജെപി കൂട്ടുകെട്ട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ സിപിഎം ആയുധമാക്കിയിട്ടുണ്ട്. ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ പോരാടുന്നുവെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് അണിയറയിൽ ബിജെപിയുമായി സഖ്യം ഉണ്ടാക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ പൊള്ളതരങ്ങൾ വെളിച്ചത്തുവരികയാണെന്ന് ഇടതു നേതാക്കൾ ആരോപിച്ചു. അതേസമയം ബിജെപിയുമായി ധാരണയുണ്ടാക്കിയ മൂന്നു കേരള കോൺഗ്രസ് അംഗങ്ങളെ സസ്പെൻഡ് ചെയ്തതായി പിജെ ജോസഫ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button