തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടന പത്രിക സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പുറത്തിറക്കി. “വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ജനുവരി ഒന്നു മുതല്‍ ക്ഷേമപെന്ഷന് 1,500 രൂപയായി ഉയര്‍ത്തുന്നതാണ് പ്രധാന പ്രഖ്യാപനം. 60 വയസ് കഴിഞ്ഞവര്‍ക്ക് മുഴുവന്‍ പെന്ഷന് നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിയിലൂടെ അഞ്ചുലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും. അതോടൊപ്പം സൂക്ഷ്മചെറുകിട സംരംഭങ്ങളിലൂടെ കാര്‍ഷികേതര മേഖലയിലും അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
2021 ജനുവരി ഒന്നിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി നിലവില്‍ വരും. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവര്ക്കും ക്ഷേമനിധിയില്‍ ചേരാന്‍ സാധിക്കും. അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. മറ്റു പെന്‍ഷനുകളില്ലാത്ത എല്ലാ അംഗങ്ങള്‍ക്കും 60 വയസു മുതല്‍ പെന്ഷന് നല്‍കും. 75 ദിവസം തൊഴിലെടുത്ത മുഴുവന്‍പേര്‍ക്കും ഫെസ്റ്റിവെല്‍ അലവന്‍സും നല്‍കുമെന്നും എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
പ്രകടനപത്രികയുടെ പൂര്‍ണ്ണരൂപത്തിന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക