KeralaNews

മുണ്ഡനം ചെയ്ത മുടി വളരും, എന്നാല്‍ പാര്‍ട്ടിക്കുണ്ടായ അപമാനം ആര് മാറ്റും; ലാലി വിന്‍സന്റ്

തിരുവനന്തപുരം: ലതിക സുഭാഷിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ്. മുണ്ഡനം ചെയ്ത മുടി വളരും, എന്നാല്‍ പാര്‍ട്ടിക്കുണ്ടായ അപമാനം ആര് മാറ്റുമെന്ന് ലാലി വിന്‍സന്റ് ചോദിച്ചു.

ലതികയുടെ പ്രവൃത്തി എതിരാളികള്‍ ആയുധമാക്കി. കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ സമ്മര്‍ദത്തിലാക്കുക മാത്രമാണ് അവര്‍ ചെയ്തത്. ലതികയെയും ഭര്‍ത്താവിനെയും കോണ്‍ഗ്രസ് വേണ്ടത്ര അംഗീകരിച്ചിട്ടുണ്ടെന്നും ലാലി പറഞ്ഞു.

ലതികാ സുഭാഷിനെതിരേ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും രംഗത്ത് വന്നു. ചര്‍ച്ചയിലൂടെ എല്ലാം പരിഹരിക്കാമായിരുന്നു. എന്നാല്‍ ലതികയുടെ പ്രതിഷേധം എല്ലാ സീമകളും ലംഘിച്ചു. പാര്‍ട്ടി ഓഫീസില്‍ പ്രതിഷേധിച്ചത് ശരിയായില്ലെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ലതികാ സുഭാഷ് എ.ഐ.സി.സി അംഗത്വവും രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് രാജിക്കത്തില്‍ ലതിക വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഞായറാഴ്ച മുല്ലപ്പള്ളി പ്രഖ്യാപിച്ചതിന് പിന്നാലെ കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികയുടെ നടപടി വന്‍ വാര്‍ത്തായായിരുന്നു. പിന്നാലെ അവര്‍ മഹിളാ കോണ്‍ഗ്രസ് അധക്ഷ സ്ഥാനം രാജിവച്ചിരുന്നു. ഏറ്റുമാനൂര്‍ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന ലതികയ്ക്ക് മറ്റൊരിടത്തും പരിഗണന ലഭിക്കാതിരുന്നതാണ് അവരെ ചൊടിപ്പിച്ചത്.

കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂര്‍ സീറ്റ് നല്‍കേണ്ടി വന്നതാണ് ലതികയ്ക്ക് സീറ്റ് ലഭിക്കാത്തതിന്റെ കാരണമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കിയിരുന്നു. മറ്റൊരു മണ്ഡലത്തിലേക്ക് പേര് പരിഗണിക്കണമെന്ന് ലതിക ആവശ്യപ്പെട്ടിരുന്നില്ലെന്നും പ്രതിഷേധം നിര്‍ഭാഗ്യകരമാണെന്നും നേതൃത്വം വ്യക്തമാക്കി.

അതിനിടെ ലതിക ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും അഭ്യൂഹമുണ്ട്. ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. ലതികയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button