''മോശം അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്, ചേച്ചിക്ക് ഇനി വര്‍ക്ക് കുറയും എന്നായിരുന്നു മറുപടി''; ലാലി പറയുന്നു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉരുത്തിരിഞ്ഞ ചര്‍ച്ചകള്‍ തൊഴില്‍ പ്രശ്‌നത്തിലേക്ക് കൂടി തിരിയേണ്ടതുണ്ട് എന്ന് നടി ലാലി പിഎം. എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അവരുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ദുരനുഭവം പങ്ക് വെക്കാന്‍ സ്ത്രീകള്‍ക്ക് ധൈര്യമുണ്ടായി എന്നത് ശരിയാണ്. എന്നാല്‍ അതിനൊപ്പം തന്നെ സിനിമാ മേഖലയിലെ മറ്റ് പ്രശ്‌നങ്ങളിലേക്കും ചര്‍ച്ച തിരിക്കണം.
ദിവസ വേതനത്തിന് വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന പ്രതിഫല പ്രശ്‌നം വളരെ ഭീകരമാണ് എന്നും രാത്രി വരെ നീളുന്ന ഷൂട്ടിംഗുകള്‍ക്ക് പോലും അവര്‍ക്ക് തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നത് എന്നും അതും അഡ്രസ് ചെയ്ത് പോകണം എന്നും ലാലി കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്കും സിനിമയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നും നടി വ്യക്തമാക്കി.
ലാലിയുടെ വാക്കുകള്‍
‘ എന്നോടും മോശമായി പെരുമാറുകയും മെസേജ് അയയ്ക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാനത് എന്റെ സ്റ്റാന്‍ഡ് വ്യക്തമാക്കി, നടക്കത്തില്ല. ഇങ്ങനെയാണെങ്കില്‍ ഞാന്‍ മുന്നോട്ട് പോകും എന്ന് പറയുകയും തടഞ്ഞ് നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷം എനിക്ക് അങ്ങനെ മെസേജ് അയയ്ക്കുകയൊന്നും ചെയ്തിട്ടില്ല. നമ്മളുടെ മുന്നില്‍ വെച്ച് സെക്‌സ് ജോക്ക്‌സ് പറയുന്ന സംഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്.
അല്ലെങ്കില്‍ നല്ലതായിട്ട് നിന്നാല്‍ ഞങ്ങള്‍ വര്‍ക്കൊക്കെ മേടിച്ച് തരാം എന്ന രീതിയില്‍ പൊതുവായിട്ട് പറയുക. എന്നോട് മോശമായി പെരുമാറിയ വ്യക്തി തന്നെ എന്നെ കേള്‍ക്കെ തന്നെ ഡബ്ല്യുസിസി അംഗങ്ങളെ വളരെ മോശമായി കുറ്റം പറഞ്ഞിട്ടുണ്ട്. ഞാനെന്ത് കൊണ്ട് പരാതി പറഞ്ഞില്ല എന്ന ചോദ്യം വരും. ഇത് ഒരു കൂട്ടായ്മയുള്ള പ്രവര്‍ത്തന മേഖലയാണ്. ഒരു ദിവസം തന്നെ 50 ഓളം പ്രൊഡക്ഷനിലെ ആള്‍ക്കാര്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
അത് കൂടാതെയാണ് ഈ അഭിനേതാക്കള്‍ ഒക്കെയുള്ളത്. അങ്ങനെയുള്ള കലയെ നമ്മള്‍ എന്തെങ്കിലും പറഞ്ഞ് നിര്‍ത്തിയാല്‍ അത് സിനിമയ്ക്ക് തന്നെ ദോഷമാണല്ലോ എന്ന് വിചാരിച്ചാണ് ഞാന്‍ സത്യത്തില്‍ അത് വലിയൊരു പ്രശ്‌നമാക്കാതിരുന്നത്. പക്ഷെ ഞാന്‍ കൃത്യമായിട്ട് പറയേണ്ടിടത്ത് പറയുകയും ചെയ്തിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് പറഞ്ഞു ഇതെനിക്ക് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു.
അപ്പോള്‍ അദ്ദേഹം കുറെ പെണ്‍കുട്ടികളുടെ ഉദാഹരണം സഹിതം പറഞ്ഞു, ചേച്ചി കേസ് കൊടുത്താലും ഇവരോട് വഴങ്ങിയില്ലെങ്കിലും ശരി ഇനി വര്‍ക്ക് കുറവെ കിട്ടുകയുള്ളൂ എന്ന്. ഞാന്‍ പറഞ്ഞു, അതെനിക്ക് കുഴപ്പമില്ല, കാരണം സിനിമ എനിക്ക് യാഗദൃശ്ചികമായി കിട്ടിയ ഒന്നാണ്. ഞാന്‍ ഭയങ്കരമായി ആഗ്രഹിച്ച് കിട്ടിയതൊന്നുമല്ല. പക്ഷെ അത്രയേറെ ബഹുമാനിക്കുന്ന ഫീല്‍ഡാണിത്.
സിനിമ കിട്ടിയില്ലെങ്കിലും എനിക്ക് പ്രശ്‌നമില്ല, പക്ഷെ ഞാന്‍ പരാതി കൊടുക്കുന്നില്ല. എന്നാലും ആ ആളോട് ഇത് പ്രശ്‌നമാകും എന്ന് പറയും എന്ന് പറഞ്ഞിരുന്നു. താരതമ്യേന എനിക്ക് നേരിട്ടത് ചെറിയ അനുഭവമാണ്. ബസിലൊക്കെ യാത്ര ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്നതിന്റെ പത്തിലൊരു ശതമാനം പോലുമില്ല ഇത്,’ ലാലി പറയുന്നു.