‘ഞാൻ അഭിമാനമുള്ള കുലസ്ത്രീയാണ്,ബുദ്ധിയും ബോധവുമില്ലാത്ത സാധാരണ വീട്ടമ്മ: ലക്ഷ്മിപ്രിയ
കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെയാണ് നടി ലക്ഷ്മിപ്രിയ മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ലക്ഷ്മിപ്രിയയുടെ ഹൗസിലെ പെരുമാറ്റങ്ങൾ ‘കുലസ്ത്രീ’ എന്ന വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ അങ്ങനെ തന്നെ വിളിക്കുന്നതിൽ യാതൊരു പരാതിയും തനിക്ക് ഇല്ലെന്ന് പറയുകയാണ് ഇപ്പോൾ നടി. മാത്രമല്ല കുലസ്ത്രീ വിളി തനിക്ക് അഭിമാനമാണെന്നും താരം പറയുന്നു.
‘ബിഗ് ബോസിൽ പോയിട്ട് ഒരുപാട് ചീത്തപ്പേരുകളൊന്നും എനിക്ക് കിട്ടിയിട്ടില്ല. ഒന്നു രണ്ട് കാര്യങ്ങൾക്കേ ഉള്ളൂ. അത് എന്റെ പ്രതികരണങ്ങൾ കൊണ്ടാണ്, അതിൽ എനിക്ക് കുറ്റബോധമില്ല. എനിക്ക് പറ്റിയിട്ടുള്ള തെറ്റുകളും എനിക്ക് അറിയാം. ബിഗ് ബോസ് എന്ന ഷോയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നമ്മൾ നിത്യജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ അവിടെ കുറച്ച് ലൗഡ് ആകണം, അങ്ങനെയാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റേണ്ടത്’, നടി പറഞ്ഞു.
സീസൺ 4 ന്റെ ഫിനാലെയിലെ ലക്ഷ്മിപ്രിയയുടെ എവിക്ഷൻ വലിയ ട്രോളിന് കാരണമായിരുന്നു. ഇതിനെ കുറിച്ചും നടി സംസാരിച്ചു. ‘എൻറെ എവിക്ഷന്റെ സമയത്ത് എനിക്ക് മൂന്ന് കാര്യങ്ങളാണ് മനസിൽ ഉണ്ടായിരുന്നത്. ഒന്ന് ആ വീടുമായി ഞാൻ വല്ലാതെ അടുത്തിരുന്നു. ഞാൻ ജപിച്ച് കൊണ്ടിരുന്ന സ്ഥലം, ഞാൻ ഇരിക്കാറുള്ള ഇടം,മഴ കണ്ടത്, വർത്താനം പറയുന്ന ഇടങ്ങൾ, ആ വീട് പൊളിക്കുമെന്ന തോന്നൽ ഒക്കെ മനസിലുണ്ടായിരുന്നു. എവിക്ടഡ് ആയപ്പോൾ ആ വീടിനോട് വിടപറഞ്ഞില്ലെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. അവിടെയുള്ളവരോട് വിടപറയാനായില്ലെന്ന തോന്നലും മനസിൽ ഉണ്ടായിരുന്നു.
ഞാൻ ടോപ് 4 ൽ എത്തിയില്ലേ, 100 ദിവസം അവിടെ നിൽക്കണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്റെ മകളുടെ പേരായ മാതംഗി എന്ന് വിളിച്ച് ഞാൻ വളർത്തി വലുതാക്കിയൊരു ചെടി അവിടെ ഉണ്ടായിരുന്നു. ഞാൻ പോകുമ്പോൾ ആ ചെടി കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നു. അതും എനിക്ക് കിട്ടിയില്ല. ഇതൊന്നും അറിയാതെയാണ് ആളുകൾ ട്രോൾ ആക്കുന്നത്.
എന്നെ കുല സ്ത്രീ എന്ന് വിളിക്കുന്നത് അഭിമാനമായി കാണുന്നൊരാളാണ് ഞാൻ. ഇനി ആര് എന്ത് പറഞ്ഞാലും അങ്ങനെയാണ്. എന്നെ വീട്ടിൽ നിന്നും ഭർത്താവും മകളുമൊക്കെ നന്നായി ട്രോളാറുണ്ട്. ഒരുപാട് മണ്ടത്തരങ്ങളൊക്കെ പറ്റുന്ന ഒരു സാധാരണ വീട്ടമ്മയാണ് ഞാൻ.
ഈ സീസണിലെ ബിഗ് ബോസ് കോമ്പോയെ കുറിച്ച് അഭിപ്രായമൊന്നുമില്ല, പക്ഷെ വൃത്തിയില്ലായ്മയെ കുറിച്ച് അഭിപ്രായമുണ്ട്.ബിഗ് ബോസ് ഹൗസ് എന്നത് നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദം ആണ്. വൃത്തിഹീനമായ കാര്യം എത്ര പേർ കണ്ടോണ്ടിരിക്കും. മറ്റൊരു സ്ഥലത്ത് പോകുമ്പോൾ പാലിക്കേണ്ട മര്യാദകളുണ്ട്. ഭക്ഷണം കഴിച്ച പാത്രം കഴുകിവെക്കാനും തുണി മടക്ക് വെക്കാനും ബെഡ്റൂം വൃത്തിയായി സൂക്ഷിക്കാനും കാലിലെ നഖം തിന്നാതിരിക്കാനും തുമ്മുമ്പോൾ മൂക്ക് പൊത്താനുമൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ വീടല്ലല്ലോ അത്. കൂടെയുള്ളത് സഹമത്സരാർത്ഥികളാണ്. അല്ലാതെ നമ്മുടെ സഹോദരങ്ങളൊന്നുമല്ല നമ്മുടെ മോശം കാര്യങ്ങൾ സഹിക്കാൻ’, ലക്ഷ്മിപ്രിയ പറഞ്ഞു.