കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷത്തിനിടെ പതാക പൊട്ടിവീണു; ക്ഷുഭിതയായി സോണിയ
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷത്തിനിടെ പതാക പൊട്ടി താഴേക്കു വീണു. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന 137-ാം വാര്‍ഷിക ചടങ്ങില്‍ അധ്യക്ഷ സോണിയാ ഗാന്ധിയാണ് പതാക ഉയര്‍ത്തിയത്.
എന്നാല്‍, ഉയര്‍ത്തി അല്‍പ്പസമയത്തിനു ശേഷം പതാക പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ സോണിയ ക്ഷുഭിതയായി. ശരീരത്തിലേക്കു വീണ പാര്‍ട്ടി പതാക സോണിയാ ഗാന്ധി കൈകള്‍ക്കൊണ്ട് വിരിച്ച് കാണിച്ചാണ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. പിന്നീട് ഓഫീസിലേക്ക് മടങ്ങുകയും ചെയ്തു.
തുടര്‍ന്ന് 15 മിനിട്ടിനു ശേഷം വീണ്ടും മടങ്ങിയെത്തിയാണ് സോണിയ ഗാന്ധി പതാക ഉയര്‍ത്തിയത്. രാഹുല്‍ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പതാക പൊട്ടിവീണത് ഏറെ നാണക്കേടുണ്ടാക്കിയതായാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. സംഭവത്തില്‍ ക്രമീകരണ ചുമതലയുണ്ടായിരുന്നവര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.