കൊല്ലം: പരവൂർ പൊലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം. ഗാർഹിക പീഡന പരാതിയിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നെന്നാരോപിച്ചായിരുന്നു ഇരുപത്തിരണ്ടുകാരിയായ യുവതി സ്റ്റേഷനിൽ വച്ച് കൈ മുറിച്ചത്. എന്നാൽ യുവതി നൽകിയ പരാതിയിൽ സംശയങ്ങളുണ്ടെന്നും കെട്ടിച്ചമച്ചതാണെന്നും തെളിവുകളൊന്നും ലഭിക്കാത്തതിനാലാണ് അറസ്റ്റ് നടക്കാത്തതെന്നും പൊലീസ് പറഞ്ഞു.
പരവൂർ സ്വദേശിനി ഷംനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ മാസം 14 നാണ് ഭർത്താവ് അനൂപിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഷംന പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയിൽ കേസെടുത്തതല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ലെന്ന് ഷംന പറയുന്നു. അറസ്റ്റ് ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തിയ തന്നോട് പൊലീസ് മോശമായി പെരുമാറിയെന്നും ഷംന ആരോപിച്ചു. ഇതിൽ മനം നൊന്ത് കൈ ഞരമ്പ് മുറിച്ചതാണെന്നും ഷംന പറഞ്ഞു.
എന്നാൽ ഷംനയുടെ പരാതി കിട്ടിയ ഉടൻ തന്നെ കേസെടുത്തിരുന്നെന്ന് പൊലീസ് വിശദീകരിച്ചു. വിശദമായ അന്വേഷണത്തിൽ ഷംനയുടെ പരാതിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും തെളിവ് ലഭിക്കാതെ ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്നുമാണ് പരവൂർ പൊലീസ് നിലപാട്.