KeralaNews

കൊന്നിട്ട് ജയിലിൽ പോയാലും വേണ്ടില്ല; ബസിൽ ശല്യം ചെയ്തയാളെ ‌നേരിട്ട് യുവതി

പടിഞ്ഞാറത്തറ ∙ ബസ് യാത്രയ്‌ക്കിടെ തുടർച്ചയായി ശല്യപ്പെടുത്തിയ മദ്യപനെ ഇടിച്ചിട്ട് യാത്രക്കാരി. വയനാട്ടിൽ പടിഞ്ഞാറത്തറയ്ക്കു സമീപമാണ് സംഭവം. പലതവണ മുന്നറിയിപ്പു നൽകിയിട്ടും ശല്യം തുടർന്നതോടെയാണ് യുവതി ഇയാളെ കായികമായി നേരിട്ടത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

പനമരം കാപ്പുഞ്ചാല്‍ സ്വദേശി സന്ധ്യയാണ് ശല്യം ചെയ്ത പൂവാലനെ കൈകാര്യം ചെയ്തത്. ഞായറാഴ്ച മാനന്തവാടി-കല്‍പ്പറ്റ റൂട്ടില്‍ പടിഞ്ഞാറത്തറ ടൗണിലാണു സംഭവം. നാലാം മൈലില്‍നിന്നു ബസില്‍ കയറിയ സന്ധ്യ മുൻവശത്തെ വാതിലിനു സമീപമുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറയില്‍നിന്നാണു മദ്യപൻ ഇതേ ബസിൽ കയറിയത്. അല്‍പസമയം കഴിഞ്ഞപ്പോഴേക്കും ഇയാള്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്നു സന്ധ്യ പറയുന്നു. മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയാറായില്ല.

ഒടുവില്‍ സഹയാത്രികരും കണ്ടക്ടറും യുവതിക്കു പിന്തുണയുമായി എത്തിയതോടെ മദ്യപൻ ബസില്‍നിന്ന് ഇറങ്ങി. ഈ സമയത്തും അയാള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും തെറി വിളിക്കുകയും ചെയ്തതായി സന്ധ്യ പറഞ്ഞു. ബസിനു മുന്നില്‍ കയറിനിന്നു തടയുകയും ചെയ്തു. പിന്നീട് ബസിനരികിലെത്തി കമ്പിക്കു മുകളിലൂടെ കയ്യിട്ടു സന്ധ്യയുടെ ദേഹത്തു തോണ്ടി. ഇതോടെയാണു യുവതി ചാടിയിറങ്ങി മദ്യപനെ കായികമായി നേരിട്ടത്.

‘ഇനിയൊരു പെണ്ണിന്റെ ദേഹത്തും കൈവയ്ക്കരുതെന്നും നമ്മള്‍ മിണ്ടുന്നില്ലെന്നു വിചാരിച്ചാണോ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും’ ചോദിച്ചാണ് സന്ധ്യ മദ്യപാനിയെ നേരിട്ടത്. ‘കൊന്നിട്ടു ജയിലിൽ പോയാലും വേണ്ടില്ല നായേ’ എന്നും പറയുന്നത് വിഡിയോയിലുണ്ട്. സത്രീകളടക്കമുള്ള സഹയാത്രികരെല്ലാം അയാള്‍ക്കു രണ്ടെണ്ണം കൊടുക്കാൻ ആവശ്യപ്പെട്ടതായി സന്ധ്യ വെളിപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker