
കൊച്ചി: ആലുവയിൽ നാല് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. ഒഡിഷ സ്വദേശിയാണ് പിടിയിലായത്. പമ്പുകവലയിലെ ഹോട്ടലിലിരുന്ന് ചായ കുടിക്കുകയായിരുന്ന ഇവരെ രഹസ്യ വിവരത്തെ തുടർന്നാണ് ആലുവ പൊലീസ് പിടികൂടിയത്. മലയാളികൾക്ക് വിൽക്കാനായി കഞ്ചാവ് എത്തിച്ചപ്പോഴാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം കോമ്പാറ നൊച്ചിമ ഭാഗത്തുനിന്ന് 2.195 കിലോഗ്രാം കഞ്ചാവ് കൈവശംവെച്ചയാൾ ജില്ലാ എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായിരുന്നു. തൃക്കാക്കര ടി.ഒ.ജി. റോഡ് തോറോത്ത് വീട്ടിൽ പ്രസന്നൻ (47) ആണ് പിടിയിലായത്.
ഒഡിഷയിൽനിന്ന് നേരിട്ട് കേരളത്തിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. നേരത്തേ ആലുവ കോമ്പാറയിൽ 86 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ആലുവ കോമ്പാറ, കളമശ്ശേരി ഭാഗങ്ങളിൽ യുവാക്കളുടെ ഇടയിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചതിനാൽ ഈ ഭാഗത്ത് രഹസ്യനിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഒ.എൻ. അജയകുമാർ, പ്രിവന്റീവ് ഓഫീസർ സി.പി. ജിനേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ എം.ടി. ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.