KeralaNews

യൂറോപ്പ് വീണ്ടും കൊവിഡ് ഭീതിയിൽ; ജർമനിയില്‍ പ്രതിദിന രോഗബാധ 50,000-ന് മുകളില്‍

ലണ്ടൻ:കോവിഡ് വീണ്ടും യൂറോപ്പിനെ ഭീതിയിലാഴ്ത്തുകയാണ്. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളും മരണങ്ങളും മേഖലയെ വീണ്ടും കോവിഡിന്റെ കേന്ദ്രമായി മാറ്റിയേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പ്രതിദിന കോവിഡ് കേസുകളും കോവിഡ് മരണവും തുടർച്ചയായി വർധിക്കുന്ന ഏക മേഖലയും യൂറോപ്പാണ് എന്നത് വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നതാണ്.

അമേരിക്ക, റഷ്യ, ബ്രസീൽ, തുർക്കി, ജർമനി എന്നീ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ, ലോകമെമ്പാടും പ്രതിവാര കോവിഡ് മരണത്തിൽ നാല് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, മരണ നിരക്ക് കുറയാത്ത ഏക മേഖല യൂറോപ്പാണ്. 31 ലക്ഷം പുതിയ കേസുകളാണ് ലോകമെമ്പാടും റിപ്പോർട്ട് ചെയ്തതെന്നാണ് ഈ ആഴ്ച പുറത്തിറക്കിയ പ്രതിവാര റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ വർധനവ്. എന്നാൽ പുതിയ കേസുകളിൽ മൂന്നിൽ രണ്ടും (19 ലക്ഷം) റിപ്പോർട്ട് ചെയ്തിരിക്കുന്നത് യൂറോപ്പിലാണ്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് യൂറോപ്പിൽ പുതിയ കേസുകൾ ഏഴ് ശതമാനമാണ് വർധിച്ചത്.

മേഖലയിലെ താരതമ്യേന കുറഞ്ഞ വാക്സിനേഷൻ നിരക്കും വാക്സിൻ വിതരണത്തിലെ ക്രമക്കേടുമാണ് രോഗവ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലയുടെ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ പറയുന്നു. വർധിക്കുന്ന കോവിഡ് കേസുകൾ മേഖലയെ വീണ്ടും കോവിഡിന്റെ കേന്ദ്രമായി മാറ്റിയേക്കുമെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോവിഡ് വാക്സിൻ ധാരാളമായി ലഭ്യമാണെങ്കിലും വാക്സിൻ സ്വീകരിക്കുന്നതിൽ അസന്തുലിതാവസ്ഥയുണ്ടെന്ന് ഡബ്യുഎച്ച്ഒ എമർജെൻസീസ് തലവൻ ഡോ. മൈക്കിൾ റയാനും ചൂണ്ടിക്കാണിച്ചിരുന്നു. വാക്സിനേഷനിലെ വിടവ് നികത്താനും യൂറോപ്യൻ അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ജനസംഖ്യയുടെ 40 ശതമാനത്തിലധികം പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ രാജ്യങ്ങൾ വാക്സിനേഷൻ നിർത്തിവെയ്ക്കണമെന്നും ഇതുവരെ ആദ്യ ഡോസ് നൽകാത്ത വികസ്വര രാജ്യങ്ങൾക്ക് ഡോസുകൾ സംഭാവന ചെയ്യണമെന്നുമാണ് ഡബ്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അഭിപ്രായപ്പെട്ടത്.

മധ്യ ഏഷ്യയിലെ മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ വരെയുള്ള മേഖലയിൽ ഏകദേശം 18 ലക്ഷം പുതിയ പ്രതിവാര കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ വിഭാഗം പറയുന്നത്. കഴിഞ്ഞ ആഴ്ചയേക്കാൾ ആറ് ശതമാനം വർദ്ധനവ്. കൂടാതെ 24,000 പ്രതിവാര മരണങ്ങൾ മേഖലയിൽ റിപ്പോർട്ട് ചെയ്തു.

ജർമനിയിലും പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 50,196 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണിത്. ഇതാദ്യമാണ് രാജ്യത്തെ പ്രതിദിന കണക്കുകൾ 50,000 കടക്കുന്നതും. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകൾ കുത്തനെ കൂടുകയാണ്.

ജർമനിയിൽ നാലാം തരംഗം അസാധരണമാം വിധത്തിൽ ആഞ്ഞടിക്കുകയാണെന്നാണ് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞത്. രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം മന്ദഗതിയിലായതാണ് കോവിഡ് കേസുകൾ വർധിക്കാൻ കാരണമായത്. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങൾ മാത്രമേ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ വിതരണം പൂർത്തിയാകാത്തതിനിലാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് അതിവേഗം വ്യാപിക്കുന്നത്. ജർമനിയുടെ ചില മേഖലകളിലും ഇതിനോടകം തീവ്രപരിചരണ വിഭാഗങ്ങൾ നിറഞ്ഞുകവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ പരിശോധനകകൾ നിർത്തലാക്കിയത് ജർമ്മനിയിൽ കോവിഡ് കേസുകൾ വർദ്ധിക്കാൻ കാരണമായതായി വിലയിരുത്തുന്നു. ടെസ്റ്റുകൾ വീണ്ടും സൗജന്യമാക്കണമെന്നും വാക്സിനേഷൻ കേന്ദ്രങ്ങൾ വീണ്ടും സജീവമാക്കണമെന്നും രാജ്യത്തിനകത്തു നിന്നുതന്നെ ആവശ്യം ഉയരുന്നുണ്ട്. വാക്സിൻ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനായി രാജ്യം സൗജന്യ പരിശോധന നിർത്തലാക്കുകയും 19 യൂറോ ഫീസ് നിശ്ചയിക്കുകയുമായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker