ഗുവാഹാട്ടി: കല്‍ക്കരി ഖനിക്കുള്ളില്‍ വെള്ളം കയറി 18 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോയിലുള്ള ഖനിയിലാണ് അപകടം. ഏകദേശം മൂന്നുറടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതെന്നും ഇതില്‍ നൂറടി താഴ്ചയില്‍ വരെ വെള്ളമെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
മോട്ടോറുകള്‍ ഉപയോഗിച്ച് ഖനിയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാനാണ് നിലവില്‍ രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. രക്ഷാപ്രവര്‍ത്തനത്തിനായി എസ്.ഡി.ആര്‍.ഫ്, എന്‍.ഡി.ആര്‍.ഫ്. സേനാംഗങ്ങളും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടിയതായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ അറിയിച്ചു.
മേഘാലയ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് അപകടം സംഭവിച്ച കല്‍ക്കരി ഖനി സ്ഥിതിചെയ്യുന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. യന്ത്രസഹായമില്ലാതെ മണ്‍വെട്ടികളടക്കം ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കി അകത്തുകടക്കുകയും കല്‍ക്കരി നിക്ഷേപം കാണുന്നതുവരെ കുഴിച്ച് ചെല്ലുന്നതുമായ ഖനനരീതിയാണ് ഇവിടങ്ങളിലുള്ളത്. 'റാറ്റ് ഹോള്‍ മൈനിങ്' എന്ന പേരിലറിയപ്പെടുന്ന ഇത്തരം ഖനനരീതി രാജ്യത്ത് നിരോധിച്ചതാണ്. അപകടം സംഭവിച്ച മേഖലയില്‍ അനധികൃതമായാണ് കല്‍ക്കരി ഖനനം നടന്നിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.