തിരൂര്‍: മലപ്പുറം തിരൂരില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് എതിരെയ യുവതിയുടെ ബന്ധുക്കളുടെ ആരോപണം. യുവതിയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് ഇവരുടെ ആരോപണം. ആലത്തിയൂര്‍ നടുവിലപ്പറമ്പില്‍ ലബീബ (24)യെയാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും പ്രതികളെ കണ്ടെത്തി ശിക്ഷ നല്‍കണമെന്നും തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ലബീബയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഭര്‍ത്താവ് ഹര്‍ഷാദിനെതിരെയും ഭര്‍തൃപിതാവ് മുസ്തഫയ്ക്കെതിരെയുമാണ് ലബീബയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിക്കുന്നത്. തിരൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നാല് മാസം മുമ്പാണ് കല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ ഹര്‍ഷാദുമായി ലബീബയുടെ വിവാഹം നടന്നത്. ഹര്‍ഷാദിന്റെ സഹോദരന്റെ ഭാര്യയായിരുന്നു ലബീബ.
ജ്യേഷ്ഠന്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ഷാദ് ലബീബയെ വിവാഹം ചെയ്തത്. ആദ്യ വിവാഹത്തില്‍ അഞ്ചുവയസുള്ള ഒരു മകനുണ്ട്. ഹര്‍ഷാദുമായും അവിടുത്തെ സാഹചര്യങ്ങളുമായും പൊരുത്തപ്പെടാന്‍ കഴിയാതെ ലബീബ സ്വന്തം വീട്ടിലേക്കു തിരിച്ചു പോയിരുന്നു. എന്നാല്‍, രണ്ട് ദിവസം മുമ്പ് ഭര്‍തൃ പിതാവ് മുസ്തഫ എത്തിയാണ് തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.
ഭര്‍തൃഗൃഹത്തിലെ പീഡനങ്ങളെ തുടര്‍ന്ന് യുവതി പലപ്പോഴും ആലത്തിയൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മുസ്തഫ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോഴും യുവതി കൂടെ പോകാന്‍ വിസമ്മതിച്ചിരുന്നു, എന്നാല്‍ മകന്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ല എന്നു പറഞ്ഞ് അനുനയിപ്പിച്ചാണ് ലബീബയയെ വീട്ടിലേക്ക് കൊണ്ടു പോയത്. മേലില്‍ പ്രശ്നങ്ങളുണ്ടാവില്ല എന്ന ഉറപ്പിലാണ് ലബീബ രണ്ടാമതും ഭര്‍തൃഗൃഹത്തിലേക്കു തിരിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
പിന്നീട് വീട്ടുകാര്‍ അറിയുന്നത് രാവിലെ എട്ടുമണിയോടെ ലബീബ ബാത്റൂമില്‍ വീണു പരിക്കേറ്റു എന്നാണ്. ആശുപത്രിയിലെത്തിയപ്പോഴാണ് ലബീബ മരിച്ചു എന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. ലബീബയുടെ മരണശേഷം ആശുപത്രിയില്‍ നിന്നും മുങ്ങാന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമിച്ചിരുന്നു.
യുവതിയെ ഭര്‍ത്താവും ഭര്‍തൃ പിതാവും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. പലപ്പോഴും ഭക്ഷണം പോലും നല്‍കിയിരുന്നില്ല. ഭര്‍തൃപിതാവ് മകളെ പീഡിപ്പിക്കുന്നതായും എതിര്‍ത്താല്‍ മര്‍ദ്ദിച്ചിരുന്നെന്നും മകള്‍ സഹോദരങ്ങളോടു പറഞ്ഞിരുന്നതായി ഉമ്മ പറയുന്നു.