കുവൈറ്റ് സിറ്റി:പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് നിരോധിച്ച് കുവൈറ്റ് സിറ്റി. പത്തുവര്‍ഷം മുന്‍പുള്ള ഉത്തരവാണ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ലംഘനം കണ്ടെത്തിയ 16 കെട്ടിട സമുച്ചയങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയതായി കുവൈറ്റ് സിറ്റി ഗവര്‍ണര്‍ തലാല്‍ ഇല്‍ ഖാലെദ് അറിയിച്ചു.
അതേസമയം ബാല്‍ക്കണികളില്‍ കാര്‍പ്പെറ്റുകളും അലങ്കാര കര്‍ട്ടണുകളും മറ്റും കഴുകി വിരിക്കുന്നതും വിലക്കിയിട്ടുണ്ട്. റോഡുകള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും അഭിമുഖമായി തുണി കഴുകി ഉണക്കാന്‍ ഇടുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.- ”കെട്ടിടങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി വസ്ത്രം തൂക്കിയിടുന്നത് പൊതുജനങ്ങളുടെ കാഴ്ച തടസ്സപ്പെടുത്തുന്നതാണ്. 2008ലെ തീരുമാനം അനുസരിച്ചാണ് കര്‍ശന നടപടിയെടുക്കുന്നത്” കുവൈറ്റ് സിറ്റി ഗവര്‍ണര്‍ അറിയിച്ചു.
”പൊതുജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെ സഹകരണത്തോടെ തീരുമാനം പൂര്‍ണമായി നടപ്പാക്കും”- ഗവര്‍ണര്‍ വ്യക്തമാക്കി. തദ്ദേശവാസികളും വിദേശ പൗരന്മാരും ഈ തീരുമാനം അനുസരിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. അതേസമയം, നിയമലംഘകര്‍ക്കെതിരെ എന്തു പിഴയാണ് ഈടാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.